Skip to content

ഇവിടെ ബാറ്റിങ്ങും വഴങ്ങും! അവസാന ഓവറിൽ 24 റൺസ് വേണമെന്ന ഘട്ടത്തിൽ സമനിലയിൽ എത്തിച്ച് ഷഹീൻ അഫ്രീദി ; പക്ഷെ സൂപ്പർ ഓവറിൽ വിജയം കൈവിട്ട് ലാഹോർ – വീഡിയോ

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന പെഷാവർ സൽമി – ലാഹോർ ഖലാന്ദർ തമ്മിലുള്ള മത്സരത്തിൽ ആവേശകരമായ അന്ത്യമാണ് ഉണ്ടായത്. മത്സരത്തിൽ ടോസ് നേടിയ പെഷാവർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ കൂട്ടമായ പ്രയത്നത്തിന്റെ ഫലമായി 158 റൺസ് നേടിയെടുക്കുകയായിരുന്നു. 28 പന്തിൽ നിന്ന് 32 റൺസ് നേടിയ ഷൊഹൈബ് മാലിക്കാണ് ടോപ്പ് സ്‌കോറർ. ലാഹോറിന് വേണ്ടി ഫവാദ് അലം 4 ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

159 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ലാഹോറിന് വേണ്ടി ഓപ്പണിങ്ങിൽ ഫഖർ സമാനും സാൾട്ടുമാണ് എത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സമാൻ ക്യാച്ചിലൂടെ പുറത്തായി. പിന്നാലെ വന്ന കമ്രാൻ ഗുലാം ചേർന്ന് വിക്കറ്റ് നഷ്ട്ടപ്പെടുത്താതെ ടീം സ്‌കോർ 37ൽ എത്തിച്ചു. എന്നാൽ 14 റൺസ് നേടിയ സാൾട്ട് ബൗൾഡ് ആയതോടെ ലാഹോറിന്റെ രണ്ടാം വിക്കറ്റും വീണു.

തുടർന്ന് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഒരു ഘട്ടത്തിൽ 14.4 ഓവറിൽ 6ന് 94 എന്ന നിലയിൽ ലാഹോർ എത്തിയിരുന്നു. 44 പന്തിൽ 49 റൺസ് നേടിയ ഹഫീസാണ് വിക്കറ്റ് വീഴ്ചയ്ക്ക് ഇടയിലും ടീമിന്റെ സ്‌കോർ ഉയർത്തിയത്. ഏഴാം വിക്കറ്റിൽ ഷഹീൻ അഫ്രീദിക്ക് ഒപ്പം ചേർന്ന് വിജയത്തിലേക്ക് കുതിക്കാനുള്ള ശ്രമം തുടങ്ങി. 16, 17, 18 ഓവറുകളിൽ നിന്നായി 33 റൺസാണ് ഇരുവരും അടിച്ചു കൂട്ടിയത്.

ജയിക്കാൻ ഇനി 2 ഓവറിൽ 30 റൺസ് വേണമെന്ന നിലയിൽ എത്തി. എന്നാൽ 19ആം ഓവറിലെ ആദ്യ പന്തിൽ തന്നെ ഹഫീസ് വഹാബ് റിയാസിന് വിക്കറ്റ് നൽകി മടക്കിയതോടെ ലാഹോറിന് തിരിച്ചടിയായി. ശേഷം ക്രീസിൽ എത്തിയ റൗഫ്  മൂന്നാം പന്തിൽ പുറത്തായി. 19ആം ഓവറിൽ 6 റൺസ് മാത്രമാണ് നേടാനായത്.

ഇതോടെ അവസാന ഓവറിലെ ജയിക്കാൻ ലാഹോറിന് 24 റൺസ് വേണം. ക്രീസിൽ ഉണ്ടായിരുന്ന ഷഹീൻ അഫ്രീദി 3 സിക്‌സും 1 ഫോറും പറത്തി സമനിലയിൽ എത്തിക്കുകയായിരുന്നു. അവസാന പന്തിൽ 7 റൺസ് വേണ്ടെന്നിരിക്കെ സിക്സ് പറത്തിയാണ് സമനിലയിൽ എത്തിച്ചത്. ഷഹീൻ 20 പന്തിൽ 4 സിക്‌സും 2 ഫോറും ഉൾപ്പെടെ 39 റൺസാണ് നേടിയത്. പക്ഷെ സൂപ്പർ ഓവറിൽ പെഷാവറിന് മുന്നിൽ ലാഹോറിന് കീഴടങ്ങേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്‌ത ലാഹോർ സൂപ്പർ ഓവറിൽ 5 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പെഷാവർ 2 പന്തിൽ ലക്ഷ്യം കണ്ടു.