Skip to content

ക്യാച്ച് വിട്ടതിൽ രോഷാകുലനായി, സഹതാരത്തിന്റെ മുഖത്ത് അടിച്ച് ഹാരിസ് റൗഫ് – വീഡിയോ

ടി20 മത്സരത്തിനിടെ ക്യാച്ച്‌ ഡ്രോപ്പ് ചെയ്‌ത സഹതാരത്തിന്റെ മുഖത്തടിച്ച്‌ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫ്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ലാഹോർ – ക്വാലെൻഡെർസ് തമ്മിലുള്ള മത്സരത്തിനിടെയാണ് ലാഹോർ താരമായ റൗഫ്  സ്വന്തം ടീമിലെ അം​ഗമായ കമ്രാന്‍ ​ഗുലാമിന്റെ മുഖത്ത് അടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പാകിസ്ഥാൻ താരത്തിനെതിരെ വൻ വിമർശനങ്ങൾ ഉയരുകയാണ്.

വിക്കറ്റ് ആഘോഷിക്കുന്നതിനിടെയാണ്
അതേ ഓവറില്‍ ക്യാച്ച്‌ കൈവിട്ടതിന്റെ  ഗുലാമിന്റെ പേരിൽ മുഖത്ത് റൗഫ് അടിച്ചത്. സംഭവം ഇങ്ങനെ… മത്സരത്തിൽ ടോസ് നേടിയ പെഷാവർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലാഹോറിനായി രണ്ടാം ഓവർ ചെയ്യാനെത്തിയത് റൗഫ് ആയിരുന്നു. എറിഞ്ഞ രണ്ടാം പന്തിൽ സസായിയെ പുറത്താക്കാൻ അവസരം റൗഫ് ഒരുക്കിയെങ്കിലും ഗുലാം പാഴാക്കുകയായിരുന്നു. പിന്നാലെ അതേ ഓവറിലെ അഞ്ചാം പന്തിൽ വീണ്ടും ആദ്യ വിക്കറ്റ് വീഴ്ത്താൻ റൗഫ് അവസരമൊരുക്കി. ഇത്തവണ മൊഹമ്മദ് ഹാരിസിനെ പുറത്താക്കാനുള്ള അവസരമായിരുന്നു.

ബൗണ്ടറി ലൈനിന് അരികിൽ ഉണ്ടായിരുന്ന ഫവാദ് അലം ക്യാച്ച് കൈപിടിയിൽ ഒതുക്കി.
വിക്കറ്റ് ആഘോഷിക്കാൻ ഒത്തു കൂടിയപ്പോൾ ആദ്യ ക്യാച്ച് വിട്ട ഗുലാമിന്റെ മുഖത്ത് റൗഫ് അടിക്കുകയായിരുന്നു. റൗഫിന്റെ പ്രതികരണത്തോട് പുഞ്ചിരിയോടെ പ്രതികരിച്ച ഗുലാം തുടര്‍ന്നും സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദ പ്രകടനം തുടരുന്നു കാണാം. റൗഫ് ആകട്ടെ രോഷാകുലനായാണ് കാണപ്പെട്ടത്. സഹതാരത്തെ അടിച്ച റൗഫിനെതിരെ വിമര്‍ശനവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

അതേസമയം സൂപ്പർ ഓവറിൽ കലാശിച്ച മത്സരത്തിൽ പെഷാവറാണ് വിജയം നേടിയത്. 159 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ലാഹോറിന് വേണ്ടി ഓപ്പണിങ്ങിൽ ഫഖർ സമാനും സാൾട്ടുമാണ് എത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സമാൻ ക്യാച്ചിലൂടെ പുറത്തായി. പിന്നാലെ വന്ന കമ്രാൻ ഗുലാം ചേർന്ന് വിക്കറ്റ് നഷ്ട്ടപ്പെടുത്താതെ ടീം സ്‌കോർ 37ൽ എത്തിച്ചു. എന്നാൽ 14 റൺസ് നേടിയ സാൾട്ട് ബൗൾഡ് ആയതോടെ ലാഹോറിന്റെ രണ്ടാം വിക്കറ്റും വീണു. തുടർന്ന് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഒരു ഘട്ടത്തിൽ 14.4 ഓവറിൽ 6ന് 94 എന്ന നിലയിൽ ലാഹോർ എത്തിയിരുന്നു.

44 പന്തിൽ 49 റൺസ് നേടിയ ഹഫീസാണ് വിക്കറ്റ് വീഴ്ചയ്ക്ക് ഇടയിലും ടീമിന്റെ സ്‌കോർ ഉയർത്തിയത്. ഏഴാം വിക്കറ്റിൽ ഷഹീൻ അഫ്രീദിക്ക് ഒപ്പം ചേർന്ന് വിജയത്തിലേക്ക് കുതിക്കാനുള്ള ശ്രമം തുടങ്ങി. 16, 17, 18 ഓവറുകളിൽ നിന്നായി 33 റൺസാണ് ഇരുവരും അടിച്ചു കൂട്ടിയത്. ജയിക്കാൻ ഇനി 2 ഓവറിൽ 30 റൺസ് വേണമെന്ന നിലയിൽ എത്തി. എന്നാൽ 29 റൺസ് മാത്രമാണ് നേടനായത്. ഇതോടെ സമനിലയിലെത്തി. സൂപ്പർ ഓവറിൽ പെഷാവർ അനായാസമായി ജയം നേടി.