Skip to content

അവസാന പരമ്പരയിൽ ബിസിസിഐയോട് താൻ അഭ്യർത്ഥിച്ച ഒരേയൊരു കാര്യമെന്തെന്ന് വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന പരമ്പരയിൽ ബിസിസിഐയോടുള്ള തൻ്റെ ഒരേയൊരു അഭ്യർത്ഥന എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. സച്ചിൻ്റെ 24 വർഷം നീണ്ട തൻ്റെ കരിയറിന് 2013 നവംബറിൽ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ് തിരശ്ശീലവീണത്. പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനുമായി നടന്ന അഭിമുഖത്തിലാണ് അവസാന പരമ്പരയിൽ ബിസിസിഐയോടുള്ള തൻ്റെ ഒരേയൊരു അഭ്യർത്ഥന എന്തായിരുന്നുവെന്ന് സച്ചിൻ വെളിപ്പെടുത്തിയത്.

തൻ്റെ അവസാന മത്സരം മുംബൈയിലാകണമെന്ന് മാത്രമാണ് താൻ ബിസിസിഐയോട് ആവശ്യപെട്ടതെന്നും മത്സരം മുംബൈയിലാണെങ്കിൽ തൻ്റെ അമ്മയ്ക്ക് നേരിട്ട് സ്റ്റേഡിയത്തിലെത്തി കളി കാണാൻ സാധിക്കുമെന്നതിനാലാണ് ഈ ആവശ്യം ബിസിസിഐയ്ക്ക് മുൻപിൽ വെച്ചതെന്നും സച്ചിൻ പറഞ്ഞു.

” എൻ്റെ അവസാന പരമ്പരയ്ക്കായി ഒരുങ്ങുമ്പോൾ ഞാൻ ബിസിസിഐയോട് പറഞ്ഞു, ഈ രണ്ട് മത്സരങ്ങൾ എൻ്റെ അവസാനത്തേതാണ്. എനിക്ക് ഒരേയൊരു അഭ്യർത്ഥനയാണുള്ളത്. എൻ്റെ അവസാന മത്സരം മുംബൈയിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എങ്കിൽ എൻ്റെ അമ്മയ്ക്ക് സ്റ്റേഡിയത്തിൽ വന്നുകൊണ്ട് മത്സരം കാണാനാകും. അതിനവർ സന്തോഷത്തോടെ സമ്മതിക്കുകയും അവസാന മത്സരം മുംബൈയിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തു. 24 വർഷത്തെ കരിയറിൽ അന്നാണ് ആദ്യമായി അമ്മ നേരിട്ട് എൻ്റെ കളി കാണുന്നത്. ” സച്ചിൻ പറഞ്ഞു.

” അത് അവിശ്വസനീയമായിരുന്നു, ഞാൻ ബാറ്റ് ചെയ്യവേ അമ്മയെ മെഗാ സ്ക്രീനിൽ കാണിച്ചു, അതിനെകുറിച്ച് അമ്മ അറിഞ്ഞിരുന്നില്ല. സ്റ്റേഡിയം മുഴുവൻ അമ്മയുടെ റിയാക്ഷൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ വികാരാധീനനായിരുന്നു. ആ വികാരങ്ങൾക്കിടയിലും ബാറ്റിങിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അത് സുപ്രധാന ഓവറായിരുന്നു, അവസാന 6 പന്തുകൾ എന്നാൽ സ്ക്രീനിൽ ഞാൻ കണ്ടുകൊണ്ടിരുന്നതും അതുപോലെ പ്രധാനമാണ്. ” സച്ചിൻ കൂട്ടിച്ചേർത്തു.