Skip to content

ഓസ്ട്രേലിയയിൽ അവനെപോലെയൊരു ബാറ്റ്സ്മാനെയാണ് ഞങ്ങൾക്കാവശ്യം, സഞ്ജുവിനെ കുറിച്ച് രോഹിത് ശർമ്മ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാകുമെന്ന സൂചനനൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ സഞ്ജുവിനെ ഇന്ത്യ ടീമിൽ തിരിച്ചെത്തിച്ചിരുന്നു. പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് സഞ്ജുവിനെ ടീമിൽ ഉൾപെടുത്തിയതിന് പിന്നിലെ കാരണം ക്യാപ്റ്റൻ രോഹിത് ശർമ്മ വിശദീകരിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 2015 ൽ അരങ്ങേറ്റം കുറിച്ച സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി 10 ടി20 മത്സരങ്ങളും ഒരു ഏകദിന മത്സരവും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഒരിടവേളയ്ക്ക് ശേഷം ടീമിലേക്കുള്ള തിരിച്ചുവരവിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.

” സഞ്ജുവിന് വളരെയേറെ കഴിവുണ്ട്. എല്ലാവരെയും ത്രസിപ്പിക്കുന്ന തരത്തിലുള്ള ഇന്നിങ്സുകളാണ് അവൻ്റെ ബാറ്റിൽ നിന്നും പിറന്നിട്ടുള്ളത്. വിജയിക്കാനുള്ള കഴിവ് അവനുണ്ട്. അതാണ് പ്രധാനപെട്ട കാര്യം, ധാരാളം ആളുകൾക്ക് കഴിവുണ്ട്, അതെങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നതാണ് നിർണാകമായ ഭാഗം. ” രോഹിത് ശർമ്മ പറഞ്ഞു.

” ടീം മാനേജ്മെൻ്റ് എന്ന നിലയിൽ സഞ്ജുവിൽ ധാരാളം കഴിവുകളും സാധ്യതകളും ഞങ്ങൾ കാണുന്നു, ഇനിയെല്ലാം സഞ്ജുവിൻ്റെ കയ്യിലാണ്, ആ കഴിവ് എങ്ങനെ ഉപയോഗിക്കണമെന്നും എങ്ങനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവൻ തീരുമാനിക്കണം. അവസരം ലഭിക്കുമ്പോഴെല്ലാം അവന് ആ കോൺഫിഡൻസ് നൽകാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ”

” അവനെ തീർച്ചയായും ലോകകപ്പ് ടീമിൽ പരിഗണിക്കുന്നുണ്ട്, അതുകൊണ്ടാണ് അവനെ ടീമിൽ ഉൾപ്പെടുത്തിയത്. അവൻ്റെ ബാക്ക്ഫൂട്ട് ഷോട്ടുകൾ ഗംഭീരമാണ്, ഓസ്ട്രേലിയയിൽ പോകുമ്പോൾ ആ ഷോട്ട് കളിക്കാനുള്ള കഴിവ് അനിവാര്യമാണ്. സഞ്ജു സാംസനിൽ അതുണ്ട്. അവൻ തൻ്റെ കഴിവുകൾ പ്രയോജനപ്പെടുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.