Skip to content

നിങ്ങൾ നിശബ്ദരായാൽ മാത്രം മതി, അവന് യാതൊരു കുഴപ്പവും ഉണ്ടാകില്ല, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിരാട് കോഹ്ലിയ്ക്ക് പിന്തുണ നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ച് ആരും ആശങ്കപെടേണ്ടയെന്നും വിരാട് കോഹ്ലിയ്ക്ക് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ മാധ്യമങ്ങൾ നിശബ്ദരായാൽ മാത്രം മതിയെന്നും വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ രോഹിത് ശർമ്മ പറഞ്ഞു.

കോഹ്ലിയിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്യാപ്റ്റനും കോച്ചിനും എന്തുചെയ്യാനാകുമെന്ന് ചോദ്യത്തിന് മറുപടിപറയവെയാണ് മാധ്യമ പ്രവർത്തകരെ രോഹിത് ശർമ്മ വിമർശിച്ചത്. കോഹ്ലി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ ടീമിൻ്റെ ഭാഗമാണെന്നും അത്തരത്തിലൊരു താരത്തിന് എങ്ങനെ ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും മാധ്യമങ്ങൾ ഇപ്പോൾ നിശബ്ദത പാലിച്ചാൽ മാത്രം മതിയെന്നും രോഹിത് ശർമ്മ പറഞ്ഞു.

” അത് നിങ്ങളിൽ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത്. നിങ്ങൾക്ക് കുറച്ചുനേരം മിണ്ടാതിരിക്കാൻ കഴിയുമെങ്കിൽ തന്നെ അവന് യാതൊരു കുഴപ്പവും ഉണ്ടാകില്ല. നിങ്ങളുടെ ഭാഗത്തുനിന്നും കൂടുതൽ അഭിപ്രായങ്ങൾ ഞങ്ങൾക്ക് ആവശ്യമില്ല. ”

” അവൻ മികച്ച മാനസികാവസ്ഥയിൽ തന്നെയാണ്, ഒരു ദശാബ്ദത്തിലേറെയായി അവൻ അന്താരാഷ്ട്ര ടീമിൻ്റെ ഭാഗമാണ്. ആരെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്രയും സമയം ചിലവഴിച്ചിട്ടുണ്ടെങ്കിൽ സമ്മർദ്ദ സാഹചര്യങ്ങളും മറ്റു കാര്യങ്ങളുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ കളിക്കാരനറിയാം. അതെല്ലാം ആരംഭിക്കേണ്ടത് നിങ്ങളിൽ നിന്നും തന്നെയാണ്. നിങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയുമെങ്കിൽ എല്ലാം ശരിയാകും. ” രോഹിത് ശർമ്മ പറഞ്ഞു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം നിരവധി തവണ കോഹ്ലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങൾ രോഹിത് ശർമ്മയ്ക്ക് മുൻപിൽ എത്തിയിട്ടുണ്ട്. വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമുളള പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തകർപ്പൻ മറുപടി നൽകികൊണ്ട് കോഹ്ലിയെ ഹിറ്റ്മാൻ പിന്തുണച്ചിരുന്നു. കോഹ്ലിയ്ക്ക് ആരും ആത്മവിശ്വാസം നൽകേണ്ടതില്ലെന്നായിരുന്നു മാധ്യമപ്രവർത്തകർക്ക് രോഹിത് നൽകിയ മറുപടി.