Skip to content

രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം, ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 44 റൺസിൻ്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 238 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 46 ഓവറിൽ 193 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ ഏകദിന പരമ്പരയും ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ സ്വന്തമാക്കി.

( Picture Source : BCCI )

238 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് വേണ്ടി 64 പന്തിൽ 44 റൺസ് നേടിയ ഷാമാർ ബ്രൂക്സും 34 റൺസ് നേടിയ അകിയൽ ഹോസൈനും മാത്രമേ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി പ്രസീദ് കൃഷ്ണ 9 ഓവറിൽ 12 റൺസ് വഴങ്ങി നാല് വിക്കറ്റും ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ്, യുസ്വെന്ദ്ര ചഹാൽ, വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : BCCI )

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 83 പന്തിൽ 5 ഫോറടക്കം 64 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. ഫിഫ്റ്റി ഒരു റൺ അകലെ 48 പന്തിൽ 49 റൺസ് നേടി കെ എൽ രാഹുൽ പുറത്തായപ്പോൾ ദീപക് ഹൂഡ 25 പന്തിൽ 29 റൺസ് നേടി. റിഷഭ് പന്താണ് മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്തത്. എന്നാൽ പുതിയ റോളിൽ തിളങ്ങാൻ പന്തിന് സാധിച്ചില്ല. 34 പന്തിൽ 18 റൺസ് നേടിയാണ് താരം പുറത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 5 റൺ നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി 18 റൺസ് നേടി പുറത്തായി.

( Picture Source : BCCI )

വെസ്റ്റിഡീസിന് വേണ്ടി അൽസാരി ജോസഫ് 10 ഓവറിൽ 36 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഒഡിയൻ സ്മിത്ത് ഏഴോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. വെള്ളിയാഴ്ച്ച ഇതേ വേദിയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

( Picture Source : BCCI )