250 ഇന്നിങ്സുകൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, എതിരാളികളില്ലാതെ വിരാട് കോഹ്ലിയുടെ കുതിപ്പ്

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 250 ഇന്നിങ്സ് പൂർത്തിയാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന കരിയറിലെ തൻ്റെ 250 ആം ഇന്നിങ്സിൽ 18 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഫോമിലെത്താൻ സാധിച്ചില്ലയെങ്കിലും ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 250 ഇന്നിങ്സുകൾക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി മാറിയിരിക്കുകയാണ് കിങ് കോഹ്ലി.

ഏകദിന ക്രിക്കറ്റിൽ ആദ്യ 250 ഇന്നിങ്സുകളിൽ നിന്നും 58.35 ശരാശരിയിൽ 12311 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 43 സെഞ്ചുറിയും 64 ഫിഫ്റ്റിയും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു. 9609 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് 250 ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാൻ. 9607 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് കോഹ്ലിയ്ക്കും സൗരവ് ഗാംഗുലിയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്.

9354 റൺസ് നേടിയ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, 9338 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, 9293 റൺസ് നേടിയ റിക്കി പോണ്ടിങ് എന്നിവരാണ് ഏകദിന ക്രിക്കറ്റിലെ ആദ്യ 250 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്.

250 ഇന്നിങ്സുകൾക്ക് ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിലും കോഹ്ലി തന്നെയാണ് മുൻപിൽ.

ഇന്ത്യൻ മണ്ണിലെ കോഹ്ലിയുടെ നൂറാം ഏകദിന മത്സരം കൂടിയായിരുന്നു ഇത്. സ്വന്തം നാട്ടിൽ 100 ഏകദിന മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കർ, എം എസ് ധോണി, മൊഹമ്മദ് അസറുദ്ദീൻ, യുവരാജ് സിങ് എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് സ്വന്തം നാട്ടിൽ 100 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ.