Skip to content

ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ കുറച്ച് മത്സരങ്ങളിൽ പരാജയപെട്ടാലും പ്രശ്നമില്ല, റിഷഭ് പന്തിനെ ഒപ്പണറായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ റിഷഭ് പന്ത് തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഇഷാൻ കിഷന് പകരക്കാരനായി കെ എൽ രാഹുൽ എത്തിയതോടെ ഹിറ്റ്മാനൊപ്പം കെ എൽ രാഹുൽ ഓപ്പൺ ചെയ്യുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് റിഷഭ് പന്ത് രോഹിത് ശർമ്മയ്ക്കൊപ്പം ഓപൺ ചെയ്യുകയായിരുന്നു.

( Picture Source : BCCI )

മത്സരത്തിൽ വിജയിച്ചുവെങ്കിലും ഇന്ത്യയുടെ പരീക്ഷണം ആദ്യ മത്സരത്തിൽ വിജയം കണ്ടില്ല. ഓപ്പണിങ് കൂട്ടുകെട്ടിൽ 9 റൺസ് കൂട്ടിച്ചേർക്കാനെ ഇരുവർക്കും സാധിച്ചുള്ളൂ. രോഹിത് ശർമ്മ 5 റൺസ് നേടി പുറത്തായപ്പോൾ 34 പന്തുകൾ നേരിട്ട റിഷഭ് പന്ത് 18 റൺസ് നേടി പുറത്തായി.

” വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുവാൻ എന്നോട് ആവശ്യപെട്ടിട്ടുണ്ട്. ഇത് വ്യത്യസ്തമായ പരീക്ഷണമായിരുന്നു. റിഷഭ് പന്ത് ഓപ്പൺ ചെയ്യുന്നത് കാണുമ്പോൾ ആളുകൾ സന്തോഷിക്കും, പക്ഷേ ഇത് സ്ഥിരമല്ല, അടുത്ത മത്സരത്തിൽ ശിഖാർ ധവാൻ തിരിച്ചെത്തും, അവന് അൽപ്പം ഗെയിം ടൈം ആവശ്യമാണ്. ”

( Picture Source : BCCI )

” ഫലങ്ങൾക്ക് വേണ്ടിയല്ല ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. ഭാവിയിലെ പദ്ധതികൾ മനസ്സിൽ കണ്ടുകൊണ്ട് ചില കാര്യങ്ങൾ പരീക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഈ പരീക്ഷണങ്ങൾക്കിടയിൽ ചില മത്സരങ്ങൾ പരാജയപെട്ടാലും ഞങ്ങൾക്ക് പ്രശ്നമില്ല.” മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : BCCI )

മത്സരത്തിൽ 44 റൺസിന് വിജയിച്ച ഇന്ത്യ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. വെസ്റ്റിഡീസിനെതിരായ ഇന്ത്യയുടെ തുടർച്ചയായ പതിനൊന്നാം ഏകദിന പരമ്പര വിജയമാണിത്.

( Picture Source : BCCI )

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 238 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 46 ഓവറിൽ 193 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. 12 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ യുവപേസർ പ്രസീദ് കൃഷ്ണയാണ് വെസ്റ്റിൻഡീസിനെ തകർത്തത്. ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 64 റൺസ് നേടിയ സൂര്യകുമാർ യാദവും 49 റൺസ് നേടിയ കെ എൽ രാഹുലുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.

( Picture Source : BCCI )