Skip to content

ദക്ഷിണാഫ്രിക്കയിൽ ഞാനത് ശ്രമിച്ചില്ല, തകർപ്പൻ പ്രകടനത്തിൽ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞ് യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷമുളള താരത്തിൻ്റെ തകർപ്പൻ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരം. മത്സരത്തിലെ മികച്ച പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം. പരമ്പരയ്‌ക്ക് മുൻപേ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെ സഹായിച്ചതെന്ന് ചഹാൽ പറഞ്ഞു.

( Picture Source : BCCI )

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 2 വിക്കറ്റ് മാത്രമാണ് ചഹാൽ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ താൻ ഗൂഗ്ലി അധികം എറിഞ്ഞില്ലയെന്നും അക്കാര്യം വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുൻപായി രോഹിത് ശർമ്മ സൂചിപ്പിച്ചുവെന്നും ചഹാൽ വ്യക്തമാക്കി. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 49 റൺസ് വഴങ്ങി നാല് വിക്കറ്റ് ചഹാൽ നേടിയിരുന്നു.

( Picture Source : BCCI )

” ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഞാൻ മിസ്സ് ചെയ്തുവെന്ന് കരുതിയ കാര്യം മത്സരത്തിന് മുൻപായി നിങ്ങളെന്നോട് പറഞ്ഞിരുന്നു. ഞാൻ ധാരാളം ഗൂഗ്ലികൾ ചെയ്തിരുന്നില്ല. ഒരു ഹാർഡ് ഹിറ്റർ സ്ലോട്ടിൽ പന്ത് കാണുകയും വലിയ ഷോട്ടിന് പോകാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ എനിക്ക് ഒരു ആയുധമുണ്ട്. ഒരു ലെഗ് സ്പിന്നറെ സംബന്ധിച്ച് ഗൂഗ്ലി വളരെ പ്രധാനമാണ്. ” മത്സരശേഷം രോഹിത് ശർമ്മയുമായി നടന്ന അഭിമുഖത്തിൽ ചഹാൽ പറഞ്ഞു.

( Picture Source : BCCI )

ഗൂഗ്ലി എറിഞ്ഞാൽ തൻ്റെ ബൗളിങ് ഫലപ്രദമാകുമെന്ന് രോഹിത് ശർമ്മ പറഞ്ഞുവെന്നും പൊള്ളാർഡിനെ വീഴ്ത്തിയതിന് പിന്നിൽ രോഹിത് ശർമ്മയുടെ നിർദ്ദേശം തന്നെയായിരുന്നുവെന്നും ചഹാൽ തുറന്നുപറഞ്ഞു.

( Picture Source : BCCI )

” കൂടുതൽ ഗൂഗ്ലികൾ എറിഞ്ഞാൽ എൻ്റെ ലെഗ് സ്പിൻ കൂടുതൽ ഫലപ്രദമാകുമെന്ന് നിങ്ങൾ എന്നോട് പറഞ്ഞു. നെറ്റ്സിൽ നിങ്ങൾക്കെതിരെ ബൗൾ ചെയ്ത ശേഷം മത്സരങ്ങളിൽ ഇവ പ്രയോഗിക്കണമെന്ന് ഞാൻ മനസ്സിലാക്കി. മിക്സ് ചെയ്ത് പന്തെറിയാനാണ് ഞാൻ ശ്രമിച്ചത്. പൊള്ളാർഡ് ക്രീസിൽ എത്തിയപ്പോൾ നമ്മൾ പ്ലാൻ ചെയ്തതുപോലെ അൽപ്പം ഫുള്ളായി ബൗൾ ചെയ്യാൻ നിങ്ങൾ ആവശ്യപെട്ടു. അവിടെ ലെങ്ത് ശരിയായിരുന്നില്ലയെങ്കിൽ പൊള്ളാർഡ് ആ പന്തിൽ സിക്സ് നേടുമെന്ന് എനിക്ക് അറിയാമായിരുന്നു. ” ചഹാൽ കൂട്ടിച്ചേർത്തു.

( Picture Source : BCCI )