Skip to content

തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള ഇതിഹാസങ്ങളെ പിന്നിലാക്കി കിങ് കോഹ്ലി

വെസ്റ്റിഡീസിനെതിരായ ആദ്യ ഏകദിനത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മത്സരത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി. നാല് പന്തിൽ 8 റൺസ് നേടിയാണ് മത്സരത്തിൽ കോഹ്ലി പുറത്തായത്. മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിക്കുവാൻ കോഹ്ലിയ്‌ക്ക് സാധിച്ചു. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയാണ് ഈ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്.

മത്സരത്തിൽ നേടിയ രണ്ടാം ബൗണ്ടറിയോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 5000 റൺസ് വിരാട് കോഹ്ലി പൂർത്തിയാക്കി. സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന നേട്ടം ഇതോടെ കോഹ്ലി സ്വന്തമാക്കി. ഇന്ത്യയിൽ 6976 റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ, ഓസ്ട്രേലിയയിൽ 5521 റൺസ് നേടിയിട്ടുള്ള റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയിൽ 5186 റൺസ് നേടിയിട്ടുള്ള ജാക്ക് കാലിസ് എന്നിവരാണ് കോഹ്ലിയ്‌ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയ ബാറ്റ്സ്മാനെന്ന നേട്ടവും കിങ് കോഹ്ലി സ്വന്തമാക്കി. സ്വന്തം നാട്ടിൽ 5000 റൺസ് പൂർത്തിയാക്കാൻ സച്ചിന് 121 ഇന്നിങ്സും കാലിസിന് 130 ഇന്നിങ്സും പോണ്ടിങിന് 138 ഇന്നിങ്സും വേണ്ടിവന്നപ്പോൾ വെറും 96 ഇന്നിങ്സിൽ നിന്നാണ് കിങ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയിൽ 5002 റൺസ് നേടിയിട്ടുള്ള കോഹ്ലി ഇന്ത്യയ്ക്ക് പുറത്ത് 5173 റൺസ് നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 258 മത്സരങ്ങളിൽ നിന്നും 58.54 ശരാശരിയിൽ 43 സെഞ്ചുറിയടക്കം 12293 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.