Skip to content

ആ മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണുമ്പോൾ സ്‌ക്രീൻ ഷോട്ട് എടുത്ത് അയച്ച് രാഹുൽ ഇപ്പോഴും സങ്കടം പറയാറുണ്ട് ; കോഹ്‌ലിയുടെ വെളിപ്പെടുത്തൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഒരു കിരീടം നേടിയിട്ടില്ലെങ്കിലും ടൂർണമെന്റിന്റെ ചരിത്രത്തിൽ അവർ ഒന്നിലധികം തവണ കപ്പിന് അരികെ എത്തിയിരുന്നു.  കപ്പ് നേടാൻ ഏറെ സാധ്യതയുണ്ടായിരുന്നത് ഒരുപക്ഷേ, 2016-ൽ ആയിരിക്കാം. സീസണിലുടനീളം ആർസിബി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി, തുടർന്ന് പ്ലേ ഓഫിൽ ടേബിൾ ടോപ്പർമാരായ ഗുജറാത്ത് ലയൺസിനെ പരാജയപ്പെടുത്തി  ഫൈനലിൽ നേരിട്ടുള്ള പ്രവേശനം.

എന്നാൽ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 8 റൺസിന്റെ ഹൃദയഭേദകമായ തോൽവിയാണ്  വിരാട് കോഹ്‌ലിക്കും കൂട്ടരും വഴങ്ങിയത്.  ഓപ്പണിംഗ് ജോഡികളായ ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും 10.3 ഓവറിൽ 114 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും, പിന്നാലെ വന്നവർക്ക് 209 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഡിവില്ലിയേഴ്സ് പെട്ടന്ന് പുറത്തായത് തിരിച്ചടിയാവുകയായിരുന്നു.
അഞ്ച് വർഷത്തിന് ശേഷം, ആർ‌സി‌ബി പോഡ്‌കാസ്റ്റിന്റെ ഒരു എപ്പിസോഡിനിടെ കോഹ്‌ലി ആ സീസണും ഹൃദയഭേദകമായ തോൽവിയും വീണ്ടും സന്ദർശിച്ചു.

“ആ സീസൺ അവിശ്വസനീയമായിരുന്നു. അത് വളരെ അത്ഭുതകരമായിരുന്നു, നാല് താരങ്ങൾ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.  ടി20 ക്രിക്കറ്റിൽ അത്തരം കാഴ്ച്ച വളരെ അപൂർവമായിരുന്നു. സീസൺ തുടക്കത്തിൽ പരാജയമായിരുന്നിട്ടും ഞങ്ങൾക്ക് നേടാനാകും എന്ന വിശ്വാസം ദൃഢമായിരുന്നു. സീസണിലുടനീളം ആ വിശ്വാസത്തിന് ഒരിക്കലും കൈമോശം വന്നില്ല.  ആ വിശ്വാസം വീണ്ടും മറ്റൊരു സീസണിൽ ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ആ സീസണിൽ അത് വളരെ സ്വാഭാവികമായി സംഭവിച്ചു” കോഹ്ലി പറഞ്ഞു

“ഫൈനൽ മത്സരത്തിലെ ആ തോൽവി എന്നെ നിരാശനാക്കുന്നു.  ഞങ്ങൾക്ക് കപ്പ് നേടാനുള്ള ഏറ്റവും മികച്ച അവസാരമായിരുന്നതെന്ന് ഞാൻ പറയും. പക്ഷേ, ദിവസാവസാനം, ഞാൻ അതിനെ നിർഭാഗ്യമെന്ന് വിളിക്കില്ല, കാരണം പ്രതിപക്ഷവും കളിക്കാനുണ്ട്.  ആ ദിവസം അവർ മികച്ചവരായിരുന്നുവെങ്കിൽ നിങ്ങൾ അത് അംഗീകരിക്കണം. നമ്മൾ വിജയിക്കാത്തതിന്റെ കാരണം ആ പ്രതിസന്ധി ഘട്ടങ്ങളിൽ ഉണ്ടാകേണ്ടതുപോലെ ധൈര്യമോ പദ്ധതികളിൽ വ്യക്തതയോ കാണിക്കാത്തതാണ്, ആ വസ്തുത നാം അംഗീകരിക്കണം.” കോഹ്‌ലി പറയുന്നു

2016 സീസണിൽ ആർ‌സി‌ബി സ്ക്വാഡിന്റെ ഭാഗമായിരുന്ന കെ‌എൽ രാഹുൽ ഇപ്പോഴും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോഴെല്ലാം ആ മത്സരത്തിന്റെ സ്‌ക്രീൻഷോട്ടുകൾ അയയ്‌ക്കാറുണ്ടെന്നും വിരാട് കോഹ്‌ലി വെളിപ്പെടുത്തി.” ഇന്നുവരെ, ആ മത്സരത്തിന്റെ
ഒരു ഹൈലൈറ്റ്സ്  വരുമ്പോൾ, കെഎൽ രാഹുൽ ആ മത്സരത്തിൽ നിന്ന് സ്ക്രീൻഷോട്ടുകൾ എടുത്ത് അത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് പറയും.  തീർച്ചയായും അത് ഇപ്പോഴും വേദനിപ്പിക്കുന്നു.” കോഹ്ലി പറഞ്ഞു നിർത്തി.