Skip to content

ഞാനും ധവാനും പുറത്തിരിക്കണമെന്നാണോ പറയുന്നത്, യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിൽ രസകരമായ മറുപടി നൽകി രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഋതുരാജ് ഗയ്ഗ്വാദ് അടക്കമുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യൻ ഏകദിന ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായി നിയമിക്കപെട്ട ശേഷമുളള രോഹിത് ശർമ്മയുടെ ആദ്യ പരമ്പരയാണ് നാളെ ആരംഭിക്കുന്നത്. നേരത്തെ പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രോഹിത് ശർമ്മയ്‌ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രോഹിത് ശർമ്മയുടെ അഭാവത്തിലും ഋതുരാജ് ഗയ്ഗ്വാദിനോ ഇഷാൻ കിഷനോ ഇന്ത്യ അവസരം നൽകിയിരുന്നില്ല. കെ എൽ രാഹുലായിരുന്നു ഏകദിന പരമ്പരയിൽ ശിഖാർ ധവാനൊപ്പം ഓപ്പൺ ചെയ്തത്. വെങ്കടേഷ് അയ്യർക്ക് മാത്രമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ അവസരം നൽകിയത്. പരമ്പരയിൽ ഇന്ത്യ 3-0 ന് പരാജയപെട്ടിരുന്നു. വെസ്റ്റിഡീസിനെതിരായ പരമ്പരയ്‌ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമോയെന്ന ചോദ്യത്തിന് ഹിറ്റ്മാൻ മറുപടി നൽകിയത്.

” ഞാനും ശിഖാർ ധവാനും പുറത്തിരുന്ന് ഋതുരാജിനും ഇഷാൻ കിഷനും അവസരങ്ങൾ നൽകണമെന്നാണോ നിങ്ങൾ പറയുന്നത്. ഇന്ത്യൻ ഏകദിന ടീമിലെ ടോപ്പ് ത്രീ ബാറ്റ്സ്മാന്മാർ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളളത്. ടീമിലെ യുവതാരങ്ങൾക്ക് അവസരം ലഭിക്കും. ഇഷാൻ കിഷന് അവസരം ലഭിക്കുന്നു. ഇനിയും ഒരുപാട് മത്സരങ്ങളുണ്ട്. ”

” നാല് പ്രകടനം കാഴ്ച്ചവെയ്ക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. ധവാൻ ദക്ഷിണാഫ്രിക്കയിൽ നന്നായി കളിച്ചു. പക്ഷേ അവനിപ്പോൾ കോവിഡ് ബാധിച്ചു. അതുകൊണ്ട് ഇഷാൻ കിഷന് അവസരം ലഭിക്കുന്നു. ” രോഹിത് ശർമ്മ പറഞ്ഞു.

ധവാൻ്റെ അഭാവത്തിൽ ഇഷാൻ കിഷനായിരിക്കും രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യുക. അഹമ്മദാബാദിലാണ് പരമ്പരയിലെ മൂന്ന് മത്സരവും നടക്കുന്നത്.