Skip to content

സിക്സ് പറത്തി തകർപ്പൻ ഫിനിഷ്, അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്, ഫൈനലിൽ തകർത്തത് ഇംഗ്ലണ്ടിനെ

ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

( Picture Source : Twitter / BCCI )

അർധ സെഞ്ചുറി നേടിയ നിഷാന്ത് സിന്ധുവിൻ്റെയും ഷെയ്ഖ് റഷീദിൻ്റെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. റഷീദ് 84 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോൾ നിശാന്ത് സിന്ധു 54 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്നു. രാജ് ഭാവ 54 പന്തിൽ 35 റൺസ് നേടി മികച്ച പിന്തുണ നൽകി. അവസാന 16 പന്തിൽ വിജയിക്കാൻ ഏഴ് റൺസ് വേണമെന്നിരിക്കെ അടുത്ത രണ്ട് പന്തിലും സിക്സ് പറത്തികൊണ്ട് വിക്കറ്റ് കീപ്പർ ദിനേശ് ബാണ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

( Picture Source : Twitter / BCCI )

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 9.5 ഓവറിൽ 31 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ രാജ് ബാവയും 9 ഓവറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ രവി കുമാറുമാണ് ചുരുക്കികെട്ടിയത്.

( Picture Source : Twitter / BCCI )

ഒരു ഘട്ടത്തിൽ 91 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപെട്ട ഇംഗ്ലണ്ടിനെ 116 പന്തിൽ 12 ഫോറടക്കം 95 റൺസ് നേടിയ ജെയിംസ് റൂ, 65 പന്തിൽ 34 റൺസ് നേടിയ ജെയിംസ് സെയ്ൽസ് എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ 93 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

സെമിഫൈനലിൽ ഓസ്ട്രേലിയയെ 96 റൺസിന് തകർത്തുകൊണ്ടാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്. ഇതിനുമുൻപ് 2000, 2008, 2012, 2018 എന്നീ ലോകകപ്പുകളിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്.

( Picture Source : Twitter / BCCI )