Skip to content

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ വിഷമകരമായ ദിവസം, ജസ്റ്റിൻ ലാങറുടെ രാജിയിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിമർശിച്ച് റിക്കി പോണ്ടിങ്

ഓസ്ട്രേലിയൻ ടീമിൻ്റെ പ്രധാന പരിശീലക സ്ഥാനത്തുനിന്നും ജസ്റ്റിൻ ലാങർ രാജിവെച്ചതിന് പുറകെ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഹെഡ് കോച്ചായുള്ള കാലാവധി അവസാനിക്കാനിരിക്കെ കോച്ചായി തുടരുവാൻ ലാങർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുൻ ഓപ്പണർ കൂടിയായ ലാങറുടെ ആവശ്യം അംഗീകരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറായില്ല.

( Picture Source : Twitter )

ജസ്റ്റിൻ ലാങറുടെ കീഴിലാണ് കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ ഐസിസി ടി20 ലോകകപ്പ് നേടിയത്. കൂടാതെ ആഷസ് പരമ്പര 4-1 ന് ഓസ്ട്രേലിയ നേടിയിരുന്നു. ഇംഗ്ലണ്ടിൽ പോയി ആഷസ് നിലനിർത്തുവാനും ലാങർക്ക് കീഴിൽ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം തകർന്നടിഞ്ഞ ഓസ്ട്രേലിയയെ തിരിച്ചെത്തിക്കുന്നതിൽ വലിയ പങ്ക് ജസ്റ്റിൻ ലാങർ വഹിച്ചിരുന്നു.

” ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് വളരെ സങ്കടകരമായ ദിവസമാണ്. കഴിഞ്ഞ ആറ് മാസത്തേക്ക് തിരിഞ്ഞുനോക്കിയാൽ ഓസ്ട്രേലിയക്കായി നല്ല കാര്യം ചെയ്ത ആളുകളെ തികച്ചും മോശമായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കൈകാര്യം ചെയ്തത്. ജസ്റ്റിൻ ലാങറുടെയും ടിം പെയ്ൻ്റെയും കാര്യമാണ് ഞാൻ പറയുന്നത്. രണ്ട് പേരെയും അവർ കൈകാര്യം ചെയ്ത രീതി ലജ്ജാവഹമായിരുന്നു. ” റിക്കി പോണ്ടിങ് പറഞ്ഞു.

( Picture Source : Twitter )

ജസ്റ്റിൻ ലാങറുടെ തീവ്രമായ കോച്ചിങ് ശൈലിയിൽ ഒരുകൂട്ടം കളിക്കാർക്കും സപോർട്ട് സ്റ്റാഫുകൾക്കും എതിർപ്പുണ്ടായിരുന്നുവെന്നും അതായിരിക്കാം ജസ്റ്റിൻ ലാങറുടെ രാജിയിലേക്ക് നയിച്ചതെന്നും പോണ്ടിങ് പറഞ്ഞു.

( Picture Source : Twitter )

” ഓസ്ട്രേലിയൻ ക്രിക്കറ്റിന് വേണ്ടി തൻ്റെ ജീവനും ഹൃദയവും ആത്മാവും നൽകിയ ഒരു മനുഷ്യനെ രാജിയിലേക്ക് നയിക്കാൻ ചെറിയ എതിർപ്പുകൾ മാത്രം മതിയാകും. കഴിഞ്ഞ മൂന്നോ നാലോ വർഷം കൊണ്ട് ഓസ്ട്രേലിയൻ ടീമിൻ്റെ സംസ്കാരത്തെയും കളിയോടുള്ള സമീപനത്തിലും മാറ്റം വരുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ഇത് ഓസ്ട്രേലിയൻ ക്രിക്കറ്റിന് തീർച്ചയായും സങ്കടകരമായ ദിവസമാണ്. ” പോണ്ടിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )