Skip to content

ഞങ്ങളേക്കാൾ വലിയ നേട്ടങ്ങളാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ നേടിയത്, മുൻ ഇന്ത്യൻ ക്യാപ്റ്റനെ പ്രശംസിച്ച് റിക്കി പോണ്ടിങ്

വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റൻസിയെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തിച്ചുവെന്നും തൻ്റെ കീഴിൽ ഓസ്ട്രേലിയ നേടിയതിനേക്കാൾ അമ്പരിപ്പിക്കുന്ന നേട്ടമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ നേടിയതെന്നും റിക്കി പോണ്ടിങ് പറഞ്ഞു. ടെസ്റ്റിൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നാലാമത്തെ ക്യാപ്റ്റനായാണ് കോഹ്ലി ഇന്ത്യൻ നായകസ്ഥാനം ഒഴിഞ്ഞത്. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത് എന്നിവർ മാത്രമാണ് കോഹ്ലിയ്‌ക്ക് മുൻപിലുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പയ്ക്ക് പുറകെയാണ് വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. നയിച്ച 68 മത്സരങ്ങളിൽ 40 ലും ഇന്ത്യയെ വിജയിപ്പിച്ചുകൊണ്ടാണ് നീണ്ട ഏഴ് വർഷത്തിന് ശേഷം കോഹ്ലി ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

” ഞങ്ങളേക്കാൾ അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് ഇന്ത്യ നേടിയത്. ദീർഘകാലമായി ലോക ക്രിക്കറ്റിൽ ആധിപത്യം പുലർത്തികൊണ്ടിരുന്ന ടീമിൻ്റെ ക്യാപ്റ്റനായാണ് ഞാൻ ചുമതലയേറ്റത്. ”

” വിരാട് ക്യാപ്റ്റനാകുന്നതിന് മുൻപ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരുപാട് മത്സരങ്ങളിൽ വിജയിക്കുമെങ്കിലും വിദേശത്ത് അത്രത്തോളം വിജയം നേടാൻ സാധിച്ചിരുന്നില്ല. വിരാട് ക്യാപ്റ്റനായ ശേഷം ഇന്ത്യ ഏറ്റവുമധികം മെച്ചപെട്ടത് വിദേശത്ത് വിജയിക്കുന്ന മത്സരങ്ങളുടെ എണ്ണത്തിലാണ്. അതിൽ കോഹ്ലിയ്ക്കും ഇന്ത്യൻ ക്രിക്കറ്റിനും അഭിമാനിക്കാം. ” പോണ്ടിങ് പറഞ്ഞു.

” മറ്റൊരു കാര്യം, വിരാട് കോഹ്ലി ക്യാപ്റ്റനായതോടെ ബിസിസിഐ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു. ടെസ്റ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തം നാട്ടിലും വിദേശത്തും കൂടുതൽ മത്സരങ്ങൾ വിജയിക്കാനും വിരാട് കോഹ്ലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റൻ എന്ന നിലയിലുള്ള തൻ്റെ ടെസ്റ്റ് റെക്കോർഡ് കണക്കിലെടുത്താൽ അഭിമാനത്തോടെ കോഹ്ലിയ്‌ക്ക് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ സാധിക്കും. ” റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു.