Skip to content

ഐ പി എൽ മെഗാ താരലേലം, അന്തിമ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ, എസ് ശ്രീശാന്തും പട്ടികയിൽ

ഐ പി എൽ പതിനഞ്ചാം സീസണ് മുൻപായി നടക്കുന്ന മെഗാ താരലേലത്തിനുള്ള കളിക്കാരുടെ ലേലപട്ടിക പുറത്തുവിട്ട് ബിസിസിഐ. ലോകത്തെമ്പാടുനിന്നുമുള്ള 590 താരങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപെട്ടിട്ടുള്ളത്. ഈ മാസം 12,13 തീയതികളിൽ ബംഗളൂരുവിൽ വെച്ചാണ് താരലേലം നടക്കുന്നത്.

370 ഇന്ത്യൻ താരങ്ങളും 220 വിദേശതാരങ്ങളുമാണ് ലേലപട്ടികയിലുള്ളത്. 590 കളിക്കാരിൽ 355 താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്കോട്ലൻഡ്, നേപ്പാൾ, നമീബിയ, തുടങ്ങിയ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള എട്ട് താരങ്ങൾ ലേലപട്ടികയിൽ ഇടംപിടിച്ചു.

ശ്രേയസ് അയ്യർ, ശിഖാർ ധവാൻ, ആർ അശ്വിൻ, മൊഹമ്മദ് ഷാമി, ഇഷാൻ കിഷൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, യുസ്വെന്ദ്ര ചഹാൽ, ഷാർദുൽ എന്നിവരാണ് ലേലപട്ടികയിലുള്ള പ്രമുഖ ഇന്ത്യൻ താരങ്ങൾ. ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലെസിസ്, കഗിസോ റബാഡ, പാറ്റ് കമ്മിൻസ്, ട്രെൻഡ് ബോൾട്ട്, ജോണി ബെയർസ്റ്റോ, ജേസൺ ഹോൾഡർ, ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് ലേലപട്ടികയിലുള്ള പ്രമുഖ വിദേശതാരങ്ങൾ.

48 താരങ്ങളാണ് ലേലത്തിൽ തങ്ങളുടെ അടിസ്ഥാനവില രണ്ട് കോടിയായി നിശ്ചയിച്ചിട്ടുള്ളത്. 20 താരങ്ങൾ അടിസ്ഥാനവില ഒന്നരകോടിയായി നിശ്ചയിച്ചപ്പോൾ 34 താരങ്ങൾ ഒരു കോടി അടിസ്ഥാനവിലയായി നിശ്ചയിച്ചു. സീസണിൽ കളിക്കാൻ സാധ്യതയില്ലയെങ്കിലും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ലേലത്തിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ട്.

എസ് ശ്രീശാന്ത്, സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ബേസിൽ തമ്പി എന്നിവരടക്കം പതിമൂന്ന് കേരള താരങ്ങൾ ലേലപട്ടികയിൽ ഇടംനേടി. 50 ലക്ഷമാണ് ശ്രീശാന്ത് അടിസ്ഥാനവിലയിട്ടിരിക്കുന്നത്. ഇതിനുമുൻപ് രാജസ്ഥാൻ റോയൽസിനും കിങ്സ് ഇലവൻ പഞ്ചാബിനും ( ഇപ്പോൾ പഞ്ചാബ് കിങ്സ് ) വേണ്ടിയാണ് ശ്രീശാന്ത് കളിച്ചിട്ടുള്ളത്.