Skip to content

ധോണിയോടല്ല, പ്രശ്നം അവരോട് മാത്രമായിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എന്നാൽ അന്നത്തെ ബിസിസിഐയ്ക്കെതിരെ തനിക്ക് പരാതികൾ ഉണ്ടായിരുന്നുവെന്നും സീനിയർ താരങ്ങളെ ബിസിസിഐ മനപൂർവ്വം അവഗണിക്കുകയായിരുന്നുവെന്നും ഹർഭജൻ സിങ് ആരോപിച്ചു.

പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എം എസ് ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് ഹർഭജൻ സിങ് പ്രതികരിച്ചത്. നേരത്തേ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷമുളള അഭിമുഖത്തിൽ താനടക്കനുള്ള സീനിയർ താരങ്ങൾക്ക് ലഭിക്കാത്ത പരിഗണന എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നുവെന്ന് ഹർഭജൻ സിങ് ആരോപിച്ചിരുന്നു.

” നമ്മൾ പറയുന്ന കാര്യങ്ങൾ പലരും വ്യത്യസ്തമായാണ് വ്യാഖ്യാനിക്കുന്നത്. 2012 ന് ശേഷം പലർ കാര്യങ്ങളും മെച്ചപെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. ഞാനും വീരേന്ദർ സെവാഗും, യുവരാജ് സിങും ഗൗതം ഗംഭീറുമെല്ലാം ഐ പി എല്ലിൽ സജീവമായിരുന്നു. 2011 ൽ ചാമ്പ്യന്മാരായ ടീമിലെ താരങ്ങൾ പിന്നീട് ഒരുമിച്ച് കളിച്ചിട്ടില്ലയെന്നത് വിരോധാഭാസമാണ്. എന്തുകൊണ്ടാണ് അവരിൽ ചിലർ മാത്രം 2015 ലോകകപ്പിൽ കളിച്ചത് ?. ” ഹർഭജൻ സിങ് പറഞ്ഞു.

” ഒരിക്കലും എം എസ് ധോണിയ്ക്കെതിരെ എനിക്ക് പരാതിയുണ്ടായിരുന്നില്ല. വാസ്തവത്തിൽ ഈ വർഷങ്ങളിൽ എല്ലാം തന്നെ അവനെനിക്ക് നല്ലൊരു സുഹത്തായിരുന്നു. എന്നാൽ അന്നത്തെ ബിസിസിഐയ്ക്കെതിരെ എനിക്ക് പരാതിയുണ്ട്. ബിസിസിഐ സർക്കാറെന്ന് തന്നെ ഞാൻ പറയും. അന്നത്തെ സെലക്ടർമാർ അവരുടേ ജോലിയോട് നീതിപുലർത്തിയിരുന്നില്ല. ടീമിനെ ഒന്നിക്കാൻ അവർ അനുവദിച്ചില്ല. ”

” വലിയ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഒരിക്കൽ സെലക്ടർമാരോട് ഞാൻ ഇക്കാര്യം ചോദിച്ചു. ഇതൊന്നും തങ്ങളുടെ കയ്യിലല്ലയെന്നായിരുന്നു അവരുടെ മറുപടി. പിന്നെന്തിനാണ് നിങ്ങൾ സെലക്ടർമാരായിരിക്കുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.