ആ ഷോട്ടിൽ ഞാൻ ഓവർ കോൺഫിഡൻ്റായിരുന്നു, തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്

പ്രഥമ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ സ്കൂപ്പ് ഷോട്ടിന് മുതിർന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്. ആ ഷോട്ട് കളിച്ചപ്പോൾ താൻ അമിത ആത്മാവിശ്വാസത്തിലായിരുന്നുവെന്നും മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറുമായി നടന്ന അഭിമുഖത്തിൽ മിസ്ബ പറഞ്ഞു.

157 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. ജോഗിന്ദർ ശർമ്മ എറിഞ്ഞ ആദ്യ പന്ത് വൈഡ് ആവുകയും പാകിസ്ഥാൻ്റെ വിജയലക്ഷ്യം 12 റൺസാവുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ മിസ്ബയ്‌ക്ക് റണ്ണൊന്നും നേടാൻ സാധിച്ചില്ലയെങ്കിലും അടുത്ത പന്തിൽ മിസ്ബാ സിക്സ് പായിച്ചു. പിന്നീടുള്ള നാല് പന്തിൽ വെറും 6 റൺസ് മാത്രം വേണമെന്നിരിക്കെ ഓവറിലെ മൂന്നാം പന്തിൽ മിസ്ബ ഷോർട്ട് ഫൈൻ ലെഗിന് മുകളിലൂടെ സ്കൂപ് ഷോട്ടിന് നേരെ മുകളിലേക്ക് പൊന്തിയ പന്ത് മലയാളി താരം ശ്രീശാന്ത് കൈപിടിയിലൊതുക്കുകയും ഇന്ത്യ പ്രഥമ ഐസിസി ടി20 ചാമ്പ്യന്മാരാവുകയും ചെയ്തു.

” 2007ൽ എല്ലാ കളിയിലും ആ ഷോട്ട് കളിച്ചുകൊണ്ട് ഞാൻ നിരവധി തവണ ബൗണ്ടറി നേടിയിട്ടുണ്ട്. ഫൈൻ ലെഗ് ഫീൽഡർ ഉണ്ടായിരുന്നിട്ട് പോലും ഓസ്ട്രേലിയക്കെതിരെ അത്തരം ഷോട്ടുകൾ കളിച്ചുകൊണ്ട് ഞാൻ സിംഗിൾസ് നേടിയിരുന്നു. സ്പിന്നർമാർക്കെതിരെയാകട്ടെ ആ ഷോട്ടുകൾ കളിച്ചുകൊണ്ട് ഫൈൻ ലെഗ് ഫീൽഡറെ ഞാൻ മറികടന്നിരുന്നു. ”

” അതുകൊണ്ട് തന്നെ ആ ഷോട്ടിൽ ഞാൻ ഓവർ കോൺഫിഡൻ്റ് ആയിരുന്നുവെന്ന് നിങ്ങൾക്ക് പറയാം. എനിക്ക് ഏറ്റവും ആത്മവിശ്വാസം ഉണ്ടായിരുന്ന ഷോട്ട് ഞാൻ മിസ് ടൈം ചെയ്തു. ” അഭിമുഖത്തിൽ മിസ്ബ ഉൾ ഹഖ് പറഞ്ഞു.

38 പന്തിൽ 43 റൺസ് നേടിയാണ് മത്സരത്തിൽ മിസ്ബ പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ഇർഫാൻ പത്താനും ആർ പി സിങും മൂന്ന് വിക്കറ്റ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 54 പന്തിൽ 75 റൺസ് നേടിയ ഗൗതം ഗംഭീറും 16 പന്തിൽ 30 റൺസ് നേടിയ രോഹിത് ശർമ്മയുമായിരുന്നു പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഇർഫാൻ പത്താനായിരുന്നു പ്ലേയർ ഓഫ് ദി മാച്ച്.