Skip to content

അന്ന് ഡി ആർ എസ് ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസെങ്കിലും നേടിയേനെ, മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ

ആധുനിക ക്രിക്കറ്റിൽ നിയമങ്ങൾ ബാറ്റ്സ്മാന്മാർക്ക് മാത്രം അനുകൂലമായി മാറിയെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഡിസിഷൻ റിവ്യൂ സിസ്റ്റം അടക്കമുള്ള പുതിയ സംവിധാനങ്ങൾ ബാറ്റ്മാന്മാരെയാണ് കൂടുതൽ സഹായിക്കുന്നതെന്നും പണ്ട് മൂന്ന് റിവ്യൂ ഉണ്ടായിന്നുവെങ്കിൽ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ ഒരു ലക്ഷം റൺസ് നേടിയേനെയെന്നും ഒരുപാട് മികച്ച ഫാസ്റ്റ് ബൗളർമാരെ നേരിട്ടുകൊണ്ടാണ് സച്ചിൻ വളർന്നതെന്നും അക്തർ പറഞ്ഞു.

” ഇപ്പോൾ രണ്ട് ന്യൂ ബോളുണ്ട്. നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തിരിക്കുന്നു. ഇന്നത്തെ കാലത്ത് ബാറ്റ്സ്മന്മാർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നു. ഇപ്പോൾ മൂന്ന് റിവ്യൂ കൂടെ അനുവദിക്കുന്നുണ്ട്. ഞങ്ങളുടെ കാലത്ത് ഈ റിവ്യൂ ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻ ഒരു ലക്ഷം റൺസ് നേടിയെനെ. !! ” അക്തർ തൻ്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

” സച്ചിനോട് എനിക്ക് അനുകമ്പ തോന്നിയിട്ടുണ്ട്, കാരണം കരിയറിൻ്റെ തുടക്കത്തിൽ അവൻ വസിം അക്രത്തിനെതിരെയും വഖാർ യൂനിസിനെതിരെ കളിച്ചു, പിന്നീട് ഷെയ്ൻ വോണിനെയും അതിനുശേഷം ബ്രെറ്റ് ലീയെയും അക്തറിനെയും നേരിട്ടു. അതിനുശേഷം അടുത്ത തലമുറയിലെ ഫാസ്റ്റ് ബൗളർമാരെയും അവൻ നേരിട്ടു. അതുകൊണ്ടാണ് ഞാൻ സച്ചിനെ ടഫ് ബാറ്റ്സ്മാനെന്ന് വിശേഷിപ്പിക്കുന്നത്. “

” ഇപ്പോൾ ക്രിക്കറ്റ് ബാറ്റിങിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. നേരത്തേ ഒരു ഫാസ്റ്റ് ബൗളർ മുടിയും പറപ്പിച്ചുകൊണ്ട് ബൗൺസറുകൾ എറിയുന്നത് ബാറ്റ്സ്മാന്മാർ പോലും ആസ്വദിച്ചിരുന്നു. ” അക്തർ കൂട്ടിച്ചേർത്തു.

ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതൽ സെഞ്ചുറിയും റൺസും നേടിയിട്ടുള്ള സച്ചിൻ 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 34357 റൺസും 100 സെഞ്ചുറിയും നേടിയിട്ടുണ്ട്.