Skip to content

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ കോഹ്ലിയുടെ സ്ഥാനം എവിടെ, വിലയിരുത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ വിലയിരുത്തി മുൻ ഇന്ത്യൻ താരവും കമൻ്റെറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. എക്കാലത്തേയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്മാരുടെ പട്ടികയിൽ വിരാട് കോഹ്ലിയുടെ സ്ഥാനം എവിടെയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ മഞ്ജരേക്കർ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പുറകെയാണ് ഏഴ് വർഷം നീണ്ട ക്യാപ്റ്റൻസി പദവി കോഹ്ലി ഒഴിഞ്ഞത്.

” എം എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെയും ഐസിസി ടൂർമെൻ്റുകളിലെയും പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ ക്യാപ്റ്റന്മാരെ വിലയിരുത്തുന്നത്. കാരണം അവിടെയാണ് ക്യാപ്റ്റൻസി യഥാർത്ഥത്തിൽ പരീക്ഷിക്കപെടുന്നത്. രണ്ട് രാജ്യങ്ങൾ തമ്മിൽ നടക്കുന്ന പരമ്പരകളിൽ ക്യാപ്റ്റന് അധികം സമ്മർദ്ദമില്ല, ഐസിസി ടൂർമെൻ്റുകളിലേക്ക് നോക്കിയാൽ അവിടെയാണ് ധോണി മികച്ചുനിന്നത്. ”

” ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലിയെ ഇഷ്ടപെടുവാൻ ഒരുപാട് കാരണങ്ങളുണ്ട്. അവൻ മാതൃകാപരമായി ടീമിനെ നയിച്ചയാളാണ്. മുൻപ് നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ വാഡറേഴ്‌സ് ടെസ്റ്റിൽ അപായം നിറഞ്ഞ പിച്ചിലാണ് അവർ കളിച്ചത്. ഇന്ത്യ ആ പരമ്പരയിൽ 2-0 ന് പരാജയപെട്ടു. ആരെയെങ്കിലും കൊല്ലാൻ സാധ്യതയുള്ള പിച്ചാണെങ്കിൽ പോലും വിജയിക്കണമെന്നാണ് അന്ന് കോഹ്ലി പറഞ്ഞത്. അവൻ്റെ ആ വാക്കുകൾ ഇന്ത്യയുടെ മനോവീര്യം ഉയർത്തി. അതാണ് കോഹ്ലിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നത്. ” മഞ്ജരേക്കർ പറഞ്ഞു.

” ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ പരാജയപെട്ടു. പക്ഷേ അവസാന നിമിഷം വരെ ഇന്ത്യ പോരാടി. എന്നാൽ എന്തുതന്നെയായാലും അവസാനം ഫലങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. കോഹ്ലിയുടെ കീഴിൽ ഐസിസി കിരീടങ്ങൾ നേടുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ”

” എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരെ പറ്റി പറയുമ്പോൾ എം എസ് ധോണിയെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. ലോക തലത്തിൽ അപകർഷതാബോധം നിലനിന്ന കാലത്ത് നമുക്ക് കപിൽ ദേവ് ഉണ്ടായിരുന്നു. മാർച്ച് ഫിക്സിങ് വിവാദത്തിന് ശേഷം വിദേശത്ത് വിജയങ്ങൾ സമ്മാനിച്ച സൗരവ് ഗാംഗുലി, കൂടാതെ സുനിൽ ഗവാസ്കർ. ഇവരെല്ലാം തന്നെ വലിയ ക്യാപ്റ്റന്മാരാണ്. ഒരുപാട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുള്ള കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്, അതുകൊണ്ട് തന്നെ ഇപ്പോൾ എന്തിനും ഹൈപ്പ് കൂടുതലാണ്. എന്നാൽ 10 വർഷം മുൻപല്ല ഇന്ത്യൻ ക്രിക്കറ്റ് ജനിച്ചത്. വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റന്മാർ ഇവരാണെന്ന് ഞാൻ വിശ്വസിക്കുന്നു. ” സഞ്ജയ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.