Skip to content

അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഇന്ത്യൻ യുവതാരങ്ങളായ കെ എൽ രാഹുലിനോടും ഹാർദിക് പാണ്ഡ്യയോടും നന്ദി പറഞ്ഞ് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയവേ ഇരുവരുമായും പരിചയപെട്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് പാകിസ്ഥാൻ പേസർ കെ എൽ രാഹുലിനോടും ഹാർദിക് പാണ്ഡ്യയോടും നന്ദി പറഞ്ഞത്.

( Picture Source : Twitter )

സിഡ്നിയിലെ ഒരു ലോക്കൽ ക്രിക്കറ്റ് ക്ലബിൻ്റെ ഭാഗമായിരുന്ന ഹാരിസ് റൗഫിനെ 2019 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിനിടെ നെറ്റ് ബൗളറായി തിരഞ്ഞെടുത്തിരുന്നു. പിന്നീടാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പാകിസ്ഥാന് വേണ്ടി 34 ടി20 മത്സരങ്ങളിലും എട്ട് ഏകദിന മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ സെമിഫൈനലിൽ എത്തിയ പാകിസ്ഥാൻ ടീമിൻ്റെ ഭാഗം കൂടിയായിരുന്നു ഹാരിസ് റൗഫ്.

” ഇന്ത്യയുടെ നെറ്റ് ബൗളറായിരുന്നപ്പോൾ സിഡ്നിയിൽ നെറ്റ്സിൽ അവർക്ക് വേണ്ടി ഞാൻ പന്തെറിഞ്ഞിരുന്നു. ഒരു ദിവസം അന്താരാഷ്ട്ര മത്സരത്തിൽ അവർക്കെതിരെ ഞാൻ ബൗൾ ചെയ്യുമെന്ന് അവരോട് ഞാൻ അന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ എന്നോട് പറഞ്ഞിരുന്നു. അവരുടെ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ” ഹാരിസ് റൗഫ് പറഞ്ഞു.

( Picture Source : Twitter )

” പിന്നീട് കഴിഞ്ഞ ടി20 ലോകകപ്പിനിടെ കണ്ടപ്പോൾ ഞങ്ങൾ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം അവർക്ക് ഓർമയുണ്ടായിരുന്നു. അതിനെ കുറിച്ച് ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞാൻ പാകിസ്ഥാന് വേണ്ടി കളിക്കുന്നതിൽ അവർ സന്തോഷിച്ചിരുന്നു. നല്ല കളിക്കാർക്കൊപ്പം കളിക്കുമ്പോൾ നല്ല കാര്യങ്ങൾ പഠിക്കാൻ സാധിക്കും. അത്തരം പ്ലേയേഴ്സിൽ നിന്നും നല്ല കാര്യങ്ങൾ പഠിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ” ഹാരിസ് റൗഫ് കൂട്ടിചേർത്തു.