ഗാംഗുലിയും രാഹുൽ ദ്രാവിഡും ലോകകപ്പ് നേടിയിരുന്നോ, ലോകകപ്പ് നേടിയതിൻ്റെ അടിസ്ഥാനത്തിലല്ല ക്യാപ്റ്റൻസി വിലയിരുത്തേണ്ടത് ; രവി ശാസ്ത്രി

ഐസിസി ട്രോഫികൾ നേടിയതിൻ്റെ അടിസ്ഥാനത്തിലല്ല ക്യാപ്റ്റൻസിയെ വിലയിരുത്തേണ്ടതെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ലോകകപ്പ് നേടാത്തതുകൊണ്ട് ആരും തന്നെ മോശം താരങ്ങളാകില്ലയെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ചുള്ള തൻ്റെ അഭിപ്രായവും മുൻ ഇന്ത്യൻ ഹെഡ് കോച്ച് വ്യക്തമാക്കി.

” പല കളിക്കാരും ലോകകപ്പ് നേടിയിട്ടില്ല. സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും വി വി എസ് ലക്ഷ്മണും ലോകകപ്പ് നേടിയിട്ടില്ല. രോഹിത് ശർമ്മയ്ക്ക് പോലും നേടാൻ സാധിച്ചിട്ടില്ല. എന്നാൽ അതിനർത്ഥം അവർ മോശം താരങ്ങൾ എന്നല്ല. ലോകകപ്പ് നേടിയ ക്യാപ്റ്റന്മാർ എം എസ് ധോണിയും രവി ശാസ്ത്രിയും മാത്രമാണ്. തൻ്റെ ആദ്യ കിരീടം നേടുവാൻ ആറ് ലോകകപ്പുകൾ സച്ചിൻ ടെണ്ടുൽക്കർക്ക് കളിക്കേണ്ടിവന്നു.” 

“ലോകകപ്പ് നേടിയോ ഇല്ലയോ എന്നൊന്നും നോക്കിയല്ല നിങ്ങൾ വിലയിരുത്തപ്പെടുന്നത്. നിങ്ങൾ എങ്ങനെ കളിക്കുന്നു, സത്യസന്ധതയോടെയാണോ ടീമിന് വേണ്ടി കളിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ വിലയിരുത്തപ്പെടുന്നത്, അങ്ങനെയായിരിക്കണം ഓരോ കളിക്കാരെയും വിലയിരുത്തേണ്ടത്. ” രവി ശാസ്ത്രി പറഞ്ഞു.

വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ചും രവി ശാസ്ത്രി തൻ്റെ അഭിപ്രായം വ്യക്തമാക്കി.

” വിരാട് കോഹ്ലിയ്ക്ക് ടെസ്റ്റിൽ ക്യാപ്റ്റനായി തുടരാൻ സാധിക്കുമായിരുന്നോ, തീര്ച്ചയായും കുറഞ്ഞത് രണ്ട് വർഷമെങ്കിലും അവന് ടീമിനെ നയിക്കാൻ സാധിച്ചേനെ. അടുത്ത രണ്ട് വർഷങ്ങളിൽ ഇന്ത്യ സ്വന്തം നാട്ടിലാണ് കളിക്കുന്നത്, പര്യടനത്തിനായി വരുന്നതാകട്ടെ റാങ്കിങിൽ പുറകിലുള്ള ടീമുകളും. തൻ്റെ ക്യാപ്റ്റൻസിയ്ക്ക് കീഴിൽ 50 വിജയങ്ങളിലെത്താൻ അവന് സാധിച്ചേനെ. എന്നാൽ പലർക്കും ആ വസ്തുത ദഹിക്കില്ല. 40 വിജയം നേടിയത് പോലും അവരെ അസ്വസ്ഥരാക്കുന്നു, അപ്പോൾ അവൻ 50 വിജയം നേടിയാൽ എന്തുസംഭവിക്കുമെന്ന് സങ്കൽപ്പിച്ചുനോക്കൂ. ” രവി ശാസ്ത്രി പറഞ്ഞു.