ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്മൃതി മന്ദാനയ്ക്ക്, അഭിമാനനേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി സ്മൃതി മന്ദാന

കഴിഞ്ഞ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക്. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്, ഇതിനുപുറകെയാണ് ഏറ്റവും മികച്ച വനിത ക്രിക്കറ്റർക്കുള്ള റേച്ചൽ ഹെയ്ഹോ ഫ്ളിൻ്റ് ട്രോഫി മന്ദാനയെ തേടിയെത്തിയത്. ഇത് രണ്ടാം തവണയാണ് ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം സ്മൃതി മന്ദാന നേടുന്നത്. ഇതോടെ മറ്റൊരു അഭിമാനനേട്ടവും താരം സ്വന്തമാക്കി

( Picture Source : BCCI  )

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 22 മത്സരങ്ങളിൽ നിന്നും 38.86 ശരാശരിയിൽ ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയുമടക്കം 855 റൺസ് സ്മൃതി മന്ദാന നേടിയിരുന്നു. ഓസ്ട്രേലിയക്കെതിരെ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടി എലിസ് പെറിയ്ക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന വനിത താരമെന്ന റെക്കോർഡ് സ്മൃതി മന്ദാന സ്വന്തമാക്കിയിരുന്നു.

( Picture Source : BCCI )

ഇത് രണ്ടാം തവണയാണ് ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം സ്മൃതി മന്ദാന നേടുന്നത്. ഇതിനുമുൻപ് 2018 ലും ഏറ്റവും മികച്ച വനിത ക്രിക്കറ്ററായി സ്മൃതി മന്ദാനയെ ഐസിസി തിരഞ്ഞെടുത്തിരുന്നു. ഇതോടെ എലിസ് പെറിയ്ക്ക് ശേഷം ഒന്നിൽ കൂടുതലായും തവണ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം നേടുന്ന വനിത താരമായി സ്മൃതി മന്ദാന മാറി. കൂടാതെ വിരാട് കോഹ്ലിയ്ക്ക് ശേഷം ഒന്നിൽ കൂടുതൽ തവണ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ഇന്ത്യൻ താരമായി സ്മൃതി മന്ദാന മാറി.

( Picture Source : BCCI  )

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, മുൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ എന്നിവരാണ് ഒന്നിൽ കൂടുതൽ തവണ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയിട്ടുള്ള മറ്റു താരങ്ങൾ.

പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റർ. ഈ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഷഹീൻ അഫ്രീദി. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കഴിഞ്ഞ വർഷത്തെ ഏകദിന ക്രിക്കറ്ററായും പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ ടി20 ക്രിക്കറ്ററായും തിരഞ്ഞെടുക്കപെട്ടപ്പോൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപെട്ടു.

( Picture Source : Twitter )