ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ വീണ്ടും പരാജയപെടുത്തും, പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച ടീമാണ്, പ്രവചനവുമായി ഷോയിബ് അക്തർ

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ പാകിസ്ഥാൻ പരാജയപെടുത്തുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാനാണ്. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഇനിയുമേറെ മാസങ്ങൾ ശേഷിക്കെയാണ് മത്സരഫലം മുൻ പാക് പേസർ പ്രവചിച്ചത്.

കഴിഞ്ഞ വർഷം യു എ ഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 10 വിക്കറ്റിന് പാകിസ്ഥാൻ ഇന്ത്യയെ പരാജയപെടുത്തിയിരുന്നു. ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നേടിയ വിജയം കൂടിയായിരുന്നു അത്. വരുന്ന ലോകകപ്പിൽ ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

” മെൽബണിൽ ഇന്ത്യയെ ഞങ്ങൾ വീണ്ടും പരാജയപെടുത്തും. ടി20 ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ മികച്ച ടീമാണ് പാകിസ്ഥാൻ. ക്രിക്കറ്റിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ അവരുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നത് ഇന്ത്യൻ മാധ്യമങ്ങളാണ്. ഞങ്ങളോട് ഇന്ത്യ തോൽക്കുന്നത് സാധാരണഗതിയിൽ കാണണം. ” അക്തർ പറഞ്ഞു.

വിരാട് കോഹ്ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ജസ്പ്രീത് ബുംറയെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അക്തർ നിർദ്ദേശിച്ചു.

” എന്തുകൊണ്ടാണ് ഫാസ്റ്റ് ബൗളർമാരെ ക്യാപ്റ്റനെന്ന നിലയിൽ കാണാത്തത്. കപിൽ ദേവ് ഒരു ഫാസ്റ്റ് ബൗളറായിരുന്നു, അദ്ദേഹം മികച്ച ക്യാപ്റ്റനായിരുന്നില്ലേ ? ബാറ്റ്സ്മാന്മാർ ഞങ്ങളെക്കാൾ മിടുക്കന്മാരാണെന്ന ധാരണ എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പാകിസ്ഥാനെ സംബന്ധിച്ച് ഇമ്രാൻ ഖാൻ, വസിം അക്രം, വഖാർ യൂനിസ് ഇവരെല്ലാം മികച്ച ക്യാപ്റ്റന്മാർ ആയിരുന്നൂ. ”

” ഒരു ഫാസ്റ്റ് ബൗളർ എപ്പോഴും വിജയിക്കാനാകും ശ്രമിക്കുക, ബാറ്റ്സ്മാൻമാർ അങ്ങനെയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ അൽപ്പം വ്യത്യസ്തമാണ്. ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനാക്കുകയും ക്യാപ്റ്റൻ പദവിയിലേക്ക് നയിക്കുകയും വേണം. ബാറ്റർക്ക് മാത്രമേ ക്യാപ്റ്റനാകാൻ കഴിയൂവെന്ന ചിന്താഗതി തെറ്റാണ്. ” അക്തർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )