അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ വിഷമമുണ്ട്, എന്നാൽ കോഹ്ലിയുടെ തീരുമാനം അത്ഭുതപെടുത്തിയില്ല, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയുടെ തീരുമാനം തന്നെ വിഷമിപ്പിച്ചുവെന്ന് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. നിരവധി ആളുകൾക്ക് പ്രചോദനം നൽകിയ ക്യാപ്റ്റനാണ് കോഹ്ലിയെന്നും എന്നാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ തീരുമാനം തന്നെ അത്ഭുതപെടുത്തിയില്ലെന്നും വോൺ പറഞ്ഞു. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ ഇന്ത്യൻ ക്യാപ്റ്റൻ ആരാകുമെന്നും വോൺ അഭിപ്രായപെട്ടു.

( Picture Source : BCCI )

” ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം എന്നെ അത്ഭുതപെടുത്തിയില്ല. കാരണം ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാകുമ്പോൾ അത്രത്തോളം സമ്മർദ്ദവും പ്രതീക്ഷയും നിങ്ങളുടെ മേലുണ്ടാകും. വിരാട് നിരവധി ആളുകൾക്ക് പ്രചോദനമാണ്. അവൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചുകൊണ്ട് പടിയിറങ്ങുന്നതിൽ എനിക്ക് വിഷമമുണ്ട്. അവിനിപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നു. ടെസ്റ്റാണ് ക്രിക്കറ്റിൻ്റെ ഒന്നാം നമ്പർ ഫോർമാറ്റെന്ന് അവൻ വിശ്വസിക്കുന്നു. ”

( Picture Source : BCCI )

” അവൻ ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കും. ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലെ ഇനിയുള്ള അവൻ്റെ പ്രകടനങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. ഞാൻ കോഹ്ലിയുടെ വലിയ ആരാധകനാണ്. ഒരു വിക്കറ്റ് കീപ്പർ തന്നെ ക്യാപ്റ്റനാകണമെന്ന് ഞാൻ കരുതുന്നില്ല. വിക്കറ്റ് കീപ്പർക്ക് നല്ലൊരു സഹായിയും വൈസ് ക്യാപ്റ്റനുമാകാം. ഇന്ത്യൻ ടീമിൽ നോക്കിയാൽ ജസ്പ്രീത് ബുംറയ്ക്കും രോഹിത് ശർമ്മയ്ക്കും മികച്ച ക്യാപ്റ്റന്മാരാകുവാൻ സാധിക്കും. ” ഷെയ്ൻ വോൺ പറഞ്ഞു.

( Picture Source : BCCI )

അജിൻക്യ രഹാനെയ്ക്ക് മികച്ച ക്യാപ്റ്റനാകുവാൻ സാധിക്കുമെങ്കിലും ഫോം നഷ്ടപെട്ടത് താരത്തിൻ്റെ സാധ്യതകൾ ഇല്ലാതാക്കിയെന്നും ക്യാപ്റ്റനാകാൻ ഒരുപാട് ഓപ്ഷനുകളുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും ഓസ്ട്രേലിയൻ ഇതിഹാസം കൂട്ടിചേർത്തു.

” ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ക്യാപ്റ്റനായി മികച്ച പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ക്യാപ്റ്റനാകാൻ ഏറ്റവും കൂടുതൽ സാധ്യത അവനാണ്. കെ എൽ രാഹുലിനും സാധ്യതയുണ്ട്. അജിൻക്യ രഹാനെയുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അവൻ്റെ ഫോം നഷ്ടപെട്ടു. ഫോമിൽ തിരിച്ചെത്തിയാൽ അവന് ക്യാപ്റ്റനാകാം. അവൻ വളരെ നല്ല ക്യാപ്റ്റനാണ്. ഒരുപാട് ഓപ്ഷനുകൾ ഉള്ളത് ഇന്ത്യയുടെ ഭാഗ്യമാണ്. പക്ഷേ രോഹിത് ശർമ്മയ്ക്ക് തന്നെ ക്യാപ്റ്റൻസി ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. ” ഷെയ്ൻ വോൺ പറഞ്ഞു.