Skip to content

നീണ്ട 6 വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് നേടി സ്റ്റീവ് സ്മിത്ത്, വീഡിയോ കാണാം

ഇതിഹാസതാരം ഷെയ്ൻ വോണിൻ്റെ പിൻഗാമിയായി ഓസ്ട്രേലിയൻ ടീമിൽ എത്തിപ്പെട്ട താരമാണ് സ്റ്റീവ് സ്മിത്ത്. ഒരു ലെഗ് സ്പിന്നറായി ടീമിൽ എത്തിയ താരം പിന്നീട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി മാറുകയായിരുന്നു. ഇപ്പോഴിതാ നീണ്ട 6 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് നേടിയിക്കുകയാണ് സ്റ്റീവ് സ്മിത്ത്. സിഡ്നിയിൽ നടന്ന നാലാം ആഷസ് ടെസ്റ്റിലെ അഞ്ചാം ദിനത്തിലായിരുന്നു സ്റ്റീവ് സ്മിത്ത് വിക്കറ്റ് നേടിയത്.

( Picture Source : Twitter )

മത്സരം അവസാനിക്കാൻ വെറും മൂന്ന് ഓവർ മാത്രം ശേഷിക്കെ വെളിച്ചക്കുറവ് മൂലം ഫാസ്റ്റ് ബൗളർമാരെ അമ്പയർമാർ അനുവദിക്കാതിരുന്നതോടെയാണ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഓവർ സ്റ്റീവ് സ്മിത്തിന് കൈമാറിയത്. 23 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു ജാക്ക് ലീച്ച് ഓവറിലെ ആദ്യ അഞ്ച് പന്തും ഡിഫൻസ് ചെയ്തുവെങ്കിലും ആറാം പന്തിൽ ഡിഫൻസ് ചെയ്യുന്നതിനിടെ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ നിന്ന ഡേവിഡ് വാർണർ കൈപിടിയിൽ ഒതുക്കുകയായിരുന്നു.

ഇതിനുമുൻപ് 2016 ൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് സ്റ്റീവ് സ്മിത്ത് അവസാനമായി ടെസ്റ്റ് വിക്കറ്റ് നേടിയിരുന്നത്.

വീഡിയോ ;

സിഡ്നിയിൽ നടന്ന മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. വെറും ഒരു വിക്കറ്റ് അകലെയാണ് ഓസ്ട്രേലിയക്ക് വിജയം നഷ്ട്ടമായത്. 10 ഓവർ ശേഷിക്കെ എട്ട് വിക്കറ്റുകൾ നഷ്ടപെട്ട ശേഷവും സമനില നേടുവാൻ ഇംഗ്ലണ്ടിന് സാധിച്ചു.

388 റൺസിൻ്റെ വിജലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 77 റൺസ് നേടിയ സാക് ക്രോളി, 60 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 41 റൺസ് നേടിയ ജോണി ബെയർസ്റ്റോ എന്നിവരുടെ മികവിലാണ് 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടിയത്. സിഡ്നിയിൽ സമനിലയിൽ കലാശിക്കുന്ന തുടർച്ചയായ രണ്ടാമത്തെ മത്സരമാണിത്. നേരത്തേ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ 161 പന്തിൽ 23 റൺസ് നേടിയ ഹനുമാ വിഹാരി, 128 പന്തിൽ 39 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ മികവിൽ ഇന്ത്യ സമനില നേടിയിരുന്നു.

( Picture Source : Twitter )