Skip to content

ടി20 ക്രിക്കറ്റിലെ മാസ്റ്റർ സ്ട്രോക്ക്, എം എസ് ധോണിയെ ട്രോളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മനോഹരമായ ടെസ്റ്റ് മത്സരത്തിനാണ് സിഡ്നി സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അഞ്ച് ദിനം നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് സമനില പൊരുതിനേടുകയായിരുന്നു. മത്സരത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിയെ ട്രോളിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സിഡ്നി ടെസ്റ്റിലെ അവസാന ഓവറുകളിലെ ഫീൽഡർമാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കെ കെ ആർ എം എസ് ധോണിയെ ട്രോളിയത്.

( Picture Source : Twitter )

2016 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റൈസിങ് പുണെ സൂപ്പർജയൻ്റ്സും തമ്മിൽ നടന്ന മത്സരത്തിനിടെ എം എസ് ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോൾ ധോണിയെ സമ്മർദ്ദത്തിലാക്കുവാൻ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ ടെസ്റ്റ് ക്രിക്കറ്റിന് സമാനമായ ഫീൽഡിങ് സെറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനൊപ്പം സിഡ്നി ടെസ്റ്റിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ധോണിയെ ട്രോളിയത്.

” ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ക്ലാസിക് മുന്നേറ്റം യഥാർത്ഥത്തിൽ ഒരു ടി20 മാസ്റ്റർ സ്ട്രോക്കിനെ ഓർമിപ്പിച്ച നിമിഷം ” ട്വിറ്ററിൽ ചിത്രം പങ്കുവെച്ചുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കുറിച്ചു.

ആ മത്സരത്തിൽ 22 പന്തിൽ 8 റൺസ് നേടാൻ മാത്രമേ എം എസ് ധോണിയ്ക്ക് സാധിച്ചുള്ളൂ. മത്സരത്തിൽ ഡി എൽ എസ് നിയമപ്രകാരം എട്ട് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചിരുന്നു.

( Picture Source : IPL )

സിഡ്നി ടെസ്റ്റിൽ ആവേശകരമായ സമനിലയാണ് ഇംഗ്ലണ്ട് നേടിയത്. 388 റൺസിൻ്റെ വിജലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മത്സരം അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി. 77 റൺസ് നേടിയ സാക് ക്രൗലീ, 60 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 41 റൺസ് നേടിയ ജോണി ബെയർസ്റ്റോ എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി തിളങ്ങിയത്. സമനിലയോടെ പരമ്പരയിൽ വൈറ്റ് വാഷ് ഒഴിവാക്കാൻ ജോ റൂട്ടിനും കൂട്ടർക്കും സാധിച്ചു.

( Picture Source : Twitter )

രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജയാണ് മാൻ ഓഫ് ദി മാച്ച്. മൂന്ന് വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയ താരം ആദ്യ ഇന്നിങ്സിൽ 137 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 103 റൺസും നേടിയിരുന്നു.

( Picture Source : Twitter )