Skip to content

ആവേശ പോരാട്ടത്തിനൊടുവിൽ സിഡ്നി ടെസ്റ്റിൽ സമനില പിടിച്ച് ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ സമനില പിടിച്ച് ഇംഗ്ലണ്ട്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 388 റൺസിൻ്റെ വിജലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് നേടി. ജോണി ബെയർസ്റ്റോയുടെയും ബെൻ സ്റ്റോക്സിൻ്റെയും മികച്ച പ്രകടമാണ് ഇംഗ്ലണ്ടിന് ആശ്വാസ സമനില നേടികൊടുത്തത്. സിഡ്നിയിൽ സമനിലയിൽ കലാശിക്കുന്ന തുടർച്ചയായ രണ്ടാമത്തെ മത്സരമാണിത്. നേരത്തേ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയും അഞ്ചാം ദിനം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ സിഡ്നിയിൽ ആവേശസമനില നേടിയിരുന്നു.

( Picture Source : Twitter )

ജോണി ബെയർസ്റ്റോ 105 പന്തിൽ 41 റൺസും ബെൻ സ്റ്റോക്സ് 123 പന്തിൽ 60 റൺസും നേടി പുറത്തായപ്പോൾ 34 പന്തിൽ 26 റൺസ് നേടിയ ജാക്ക് ലീച്ചും 35 പന്തുകൾ നേരിട്ടുകൊണ്ട് 8 റൺസ് നേടിയ സ്റ്റുവർട്ട് ബ്രോഡും അവസാന ഓവറുകളിൽ സമനിലയ്ക്കായി പൊരുതി. 100 പന്തിൽ 77 റൺസ് നേടിയ സാക് ക്രോളിയാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.

( Picture Source : Twitter )

ഓസ്ട്രേലിയക്ക് വേണ്ടി സ്കോട്ട് ബോളൻഡ് മൂന്ന് വിക്കറ്റും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, നേതൻ ലയൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്റ്റീവ് സ്മിത്ത്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തേ 122 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ ഉസ്മാൻ ഖ്വാജയുടെ സെഞ്ചുറി മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. 74 റൺസ് നേടിയ കാമറോൺ ഗ്രീൻ ഖ്വാജയ്ക്ക് മികച്ച പിന്തുണ നൽകി. ആദ്യ ഇന്നിങ്സിലും സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജയാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഖ്വാജ 260 പന്തിൽ 137 റൺസ് നേടിയപ്പോൾ 67 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് മികച്ച പിന്തുണ നല്കി.

( Picture Source : Twitter )

മറുഭാഗത്ത് സെഞ്ചുറി നേടിയ ബെയർസ്റ്റോയുടെയും ഫിഫ്റ്റി നേടിയ ബെൻ സ്റ്റോക്സിൻ്റെയും മികവിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ ഒഴിവാക്കി മികച്ച സ്കോർ നേടിയത്. ബെയർസ്റ്റോ 113 റൺസും ബെൻ സ്റ്റോക്സ് 66 റൺസും നേടിയാണ് പുറത്തായത്.

നാലാം ടെസ്റ്റിൽ സമനില നേടിയെങ്കിലും ആദ്യ മൂന്ന് മത്സരങ്ങൾ വിജയിച്ച ഓസ്ട്രേലിയ ആഷസ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ജനുവരി 14 ന് ഹോബർടിലാണ് അവസാന ടെസ്റ്റ് നടക്കുന്നത്. ഇതാദ്യമായാണ് ആഷസ് ടെസ്റ്റിന് ഹോബർട് വേദിയാകുന്നത്.

( Picture Source : Twitter )