Skip to content

ഇനിയെങ്കിലും അവരെ മറ്റു ലീഗുകളിൽ കളിക്കാൻ അനുവദിക്കൂ, ബിസിസിഐയ്ക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഐസിസി ടി20 ലോകകപ്പിൽ നോക്കൗട്ടിൽ പോലും പ്രവേശിക്കാൻ സാധിക്കാതെ ഇന്ത്യ പുറത്തായതിന് പിന്നിലെ കാരണം വിശദീകരിച്ച് മുൻ പാകിസ്ഥാൻ താരം വസിം അക്രം. ലോകകപ്പിൽ ഫേവറിറ്റുകളായി എത്തിയ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനോടും നൂസിലാൻഡിനോടും പരാജയപ്പെട്ടിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ വിജയിച്ചുവെങ്കിലും നോകൗട്ടിലേക്ക് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

” ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീം ഇന്ത്യയായിരുന്നു. എന്നാൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ശേഷം പ്രത്യേകിച്ചും ഷഹീൻ അഫ്രീദിയുടെ ആദ്യ ഓവറിന് ശേഷം മികവ് വീണ്ടെടുക്കാൻ അവർക്ക് സാധിച്ചില്ല. അതിന് ശേഷം ഐ പി എല്ലിൽ അവർ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് ചർച്ചകളും വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. ”

” മറ്റു ലീഗുകളിൽ അന്താരാഷ്ട്ര താരങ്ങൾക്കെതിരെ ഇന്ത്യൻ താരങ്ങൾ കളിക്കുന്നില്ല. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവരിൽ ഒന്നോ രണ്ടോപേർ മാത്രമാണ് ഷഹീൻ അഫ്രീദിയെയോ ഹാരിസ് റൗഫിനെയോ നേരിട്ടിട്ടുള്ളത്.  ”

” നിങ്ങൾ വിവിധ രാജ്യങ്ങളിലെ രാജ്യങ്ങളിൽ കളിക്കുമ്പോൾ കുറഞ്ഞത് നിങ്ങളുടെ കളിക്കാർക്ക് മറ്റു ബൗളർമാർക്കെതിരെയും, വ്യത്യസ്ത പിച്ചുകളിലും, വ്യത്യസ്ത സാഹചര്യങ്ങളിലും കളിക്കാനുള്ള എക്സ്പീരിയൻസെങ്കിലും ലഭിക്കും. എല്ലാ ലീഗിലും കളിക്കണമെന്നല്ല ഞാൻ പറയുന്നത്. ഒന്നോ രണ്ടോ ലീഗിലെങ്കിലും അവരെ കളിക്കാൻ അനുവദിക്കണം. ഇന്ത്യ ഇക്കാര്യം ആലോചിക്കേണ്ടതുണ്ട്. ഐ പി എൽ തീർച്ചയായും ഒന്നാം നമ്പർ ലീഗാണ്. അത് പണത്തിൻ്റെ കാര്യത്തിലായാലും കഴിവിൻ്റെ അടിസ്ഥാനത്തിലായാലും. എന്നാൽ ഒന്നോ രണ്ടോ ലീഗിലെങ്കിലും അവർ കളിക്കാരെ കളിക്കുവാൻ അനുവദിക്കണം. ” വസിം അക്രം പറഞ്ഞു.