Skip to content

ഓവർസീസിൽ അവനാണ് ഇന്ത്യയുടെ മികച്ച സ്പിന്നറെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി, വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2019 ലെ സിഡ്നി ടെസ്റ്റിന് ശേഷം ഓവർസീസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറെന്ന് കുൽദീപ് യാദവിനെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ച നിമിഷം താൻ തകർന്നുപോയിരുന്നുവെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. സിഡ്നി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 99 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ കുൽദീപ് യാദവ് നേടിയിരുന്നു. മത്സരം സമനിലയിൽ കലാശിച്ചതോടെ ടെസ്റ്റ് പരമ്പര 2-1 ന് കോഹ്ലിയും കൂട്ടരും സ്വന്തമാക്കിയിരുന്നു.

മത്സരശേഷം കുൽദീപ് യാദവാണ് ഇന്ത്യയുടെ നമ്പർ വൺ സ്പിന്നറെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി വിശേഷിപ്പിരുന്നു. പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമായിരുന്നു അശ്വിൻ കളിച്ചത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. മികച്ച പ്രകടനം അന്ന് പുറത്തെടുത്തിട്ടും താൻ നേരിട്ടത് വിമർശനങ്ങളായിരുന്നുവെന്നും അശ്വിൻ പറഞ്ഞു.

” രവി ഭായിയെ ഞൻ വളരെയധികം ബഹുമാനിക്കുന്നു, നമുക്കെല്ലാവർക്കും ഇഷ്ടമുള്ളത് പറയുവാനും അത് പിൻവലിക്കാനുമുള്ള അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു. എന്നാൽ ആ നിമിഷം ഞാൻ തകർന്നുപോയി, തീർത്തും തകർന്നുപോയി ”

” നിങ്ങളുടെ സഹതാരങ്ങളുടെ വിജയം ആസ്വദിക്കുന്നത് എത്രത്തോളം പ്രധാനപ്പെതാണെന്ന് എനിക്കറിയാം. കുൽദീപിൻ്റെ നേട്ടത്തിൽ ഞാനും സന്തോഷവാനായിരുന്നു. എനിക്കിതുവരെയും ഓസ്ട്രേലിയയിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല, അവനത് കരസ്ഥമാക്കിയിരിക്കുന്നു. അത് എത്രത്തോളം വലിയ നേട്ടമാണെന്ന് എനിക്കറിയാം. ഞാനും നന്നായി ബൗൾ ചെയ്തിട്ടുണ്ടെങ്കിലും 5 വിക്കറ്റ് നേടുവാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവൻ്റെ നേട്ടത്തിൽ ഞാൻ ആത്മാത്ഥമായി സന്തോഷിച്ചിരുന്നു. ഒപ്പം ഓസ്ട്രേലിയയിൽ ആദ്യമായി പരമ്പര നേടിയ സന്തോഷകരമായ നിമിഷമായിരുന്നു അത്. ” അശ്വിൻ പറഞ്ഞു.

” എന്നാൽ അവൻ്റെ സന്തോഷത്തിലും ടീമിൻ്റെ വിജയത്തിലും പങ്കുചേരണമെങ്കിൽ ഞാൻ അവിടെ തുടരാൻ അർഹനാണെന്ന് എനിക്ക് തോന്നണം. ബസിനടിയിലേക്ക് വലിച്ചെറിയുന്നതായാണ് എനിക്ക് തോന്നുന്നതെങ്കിൽ എനിക്കെങ്ങനെയാണ് ആ പാർട്ടിയിൽ പങ്കെടുക്കാൻ സാധിക്കുക. ഞാൻ റൂമിലേക്ക് തിരികെയെത്തി പാർട്ടി ഒഴിവാക്കാനായി ഭാര്യയോടും കുട്ടികളോടും സംസാരിച്ചു. എന്നിട്ടും ഞാൻ പാർട്ടിയ്ക്കായി തിരികെയെത്തി, കാരണം ഞങ്ങൾ ഒരു വമ്പൻ പരമ്പരയാണ് നേടിയത്. പ്രചോദനം നൽകേണ്ടത് അത് ആവശ്യമുള്ളവർക്കാണ്. ഒരാൾ ജീവിതത്തിൽ മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവൻ്റെ തോളിൽ വെയ്ക്കാൻ ഒരു കയ്യാണ് വേണ്ടത്. അതെൻ്റെ ജീവിതത്തിലെ ഒരു ദുഷ്കരമായ ഘട്ടമായിരുന്നു ” അശ്വിൻ കൂട്ടിച്ചേർത്തു.