ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി
വമ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയത്. മുംബൈയിൽ നടന്ന മത്സരത്തിൽ 372 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-0 ന് ഇന്ത്യ വിജയിക്കുകയും ചെയ്തു. മുംബൈയിൽ നേടിയ ഈ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വനേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരാൾക്കും നേടാനാകാത്ത നേട്ടമാണ് ഇന്ത്യയുടെ വിജയത്തോടെ വിരാട് കോഹ്ലി നേടിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 570 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് രണ്ടാം ഇന്നിങ്സിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനും ജയന്ത് യാദവുമാണ് കിവികളെ തകർത്തത്. 60 റൺസ് നേടിയ ഡാരൽ മിച്ചലും 44 റൺസ് നേടിയ ഹെൻറി നിക്കോൾസും മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡിന് വേണ്ടി തിളങ്ങിയത്.

ടെസ്റ്റിൽ വിരാട് കോഹ്ലി പ്ലേയിങ് ഇലവനിൽ ഉണ്ടായിരിക്കെ ഇന്ത്യ നേടുന്ന അമ്പതാം വിജയമാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും 50 ലധികം വിജയങ്ങളിൽ ഭാഗമാകുന്ന ആദ്യ താരമെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലി കളിച്ച 254 മത്സരങ്ങളിൽ 153 മത്സരങ്ങളിലും അന്താരാഷ്ട്ര ടി20യിൽ വിരാട് കോഹ്ലി കളിച്ച 95 ൽ 59 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് കോഹ്ലിയുടെ കീഴിൽ മുംബൈയിൽ ഇന്ത്യ കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ പരാജയം കൂടിയാണിത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും നേടിയ മായങ്ക് അഗർവാളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ 150 റൺസ് നേടി പുറത്തായ അഗർവാൾ രണ്ടാം ഇന്നിങ്സിൽ 62 റൺസ് നേടിയിരുന്നു. മറുഭാഗത്ത് രവിചന്ദ്രൻ അശ്വിൻ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
