Skip to content

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ, ന്യൂസിലാൻഡിനെ തകർത്തത് 372 റൺസിന്

മുംബൈ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 372 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 540 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് രണ്ടാം ഇന്നിങ്സിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

( Picture Source : BCCI )

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ പരാജയവുമാണിത്. ഇതിനുമുൻപ് 2015 ൽ ഡൽഹിയിൽ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയ 337 റൺസിന്റെ വിജമായിരുന്നു റൺസിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റിൽ ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയം.

92 പന്തിൽ 60 റൺസ് നേടിയ ഡാരൽ മിച്ചലും 44 റൺസ് നേടിയ ഹെൻറി നിക്കോൾസും മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. നാല് വിക്കറ്റ് വീതം നേടിയ രവിചന്ദ്രൻ അശ്വിനും ജയന്ത് യാദവുമാണ് ന്യൂസിലാൻഡിനെ തകർത്തത്.

( Picture Source : BCCI )

നേരത്തെ ഒന്നാമിന്നിങ്സിൽ 263 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 276 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. 62 റൺസ് നേടിയ മായങ്ക് അഗർവാളാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ചേതേശ്വർ പുജാര 47 റൺസും ശുഭ്മാൻ ഗിൽ 75 പന്തിൽ 47 റൺസും നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 36 റൺസും അക്ഷർ പട്ടേൽ 26 പന്തിൽ 41 റൺസും നേടി. ന്യൂസിലാൻഡിന് വേണ്ടി അജാസ് പട്ടേൽ നാല് വിക്കറ്റും രച്ചിൻ രവീന്ദ്ര 3 വിക്കറ്റും നേടി.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ 62 റൺസ് നേടുവാൻ മാത്രമാണ് ന്യൂസിലാൻഡിന് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജ് എന്നിവരാണ് ന്യൂസിലാൻഡിനെ ചുരുക്കികെട്ടിയത്. ആദ്യ ഇനിങ്സിൽ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. മായങ്ക് അഗർവാളാണ് പ്ലേയർ ഓഫ് ദി മാച്ച്, രവിചന്ദ്രൻ അശ്വിനാണ് പ്ലേയർ ഓഫ്‌ ദി സിരീസ്.

( Picture Source : BCCI )