Skip to content

മുംബൈ ടെസ്റ്റിലെ തകർപ്പൻ പ്രകടനം, സാക്ഷാൽ ഷോൺ പൊള്ളോക്കിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വിക്കറ്റ് വേട്ട തുടർന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു ഇതിഹാസ താരത്തെ കൂടെ പിന്നിലാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

( Picture Source : BCCI )

നേരത്തെ കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ 6 വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഹർഭജൻ സിങിനെ പിന്നിലാക്കിയായിരുന്നു ഈ തകർപ്പൻ നേട്ടം രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കിയത്. ആ മത്സരത്തോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ പാക് ഇതിഹാസം വസിം അക്രത്തെയും അശ്വിൻ പിന്നിലാക്കിയിരുന്നു.

( Picture Source : BCCI )

മുംബൈ ടെസ്റ്റിൽ നേടിയ നാല് വിക്കറ്റോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ മുൻ സൗത്താഫ്രിക്കൻ താരം ഷോൺ പൊള്ളോക്കിനെ പിന്നിലാക്കി പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ പ്രകടനമടക്കം 81 മത്സരങ്ങളിൽ നിന്നും 423 വിക്കറ്റുകൾ അശ്വിൻ നേടികഴിഞ്ഞു. 1995 മുതൽ 2008 വരെ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിച്ച ഷോൺ പൊള്ളോക്ക് 108 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 421 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

( Picture Source : BCCI )

ടെസ്റ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ബൗളർ കൂടിയാണ് രവിചന്ദ്രൻ അശ്വിൻ. 8 മത്സരങ്ങളിൽ നിന്നും 48 വിക്കറ്റുകൾ ഈ വർഷം അശ്വിൻ നേടിയിട്ടുണ്ട്.

അതിനിടെ മുംബൈ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യ പിടിമുറുക്കുകയാണ്. അശ്വിന്റെയും മൊഹമ്മദ് സിറാജിന്റെയും മികവിൽ ന്യൂസിലാൻഡിനെ 62 റൺസിൽ ഒതുക്കിയ ഇന്ത്യ 263 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ന്യൂസിലാൻഡിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസ് നേടിയിട്ടുണ്ട്. ആദ്യ മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര നേടുവാൻ സാധിക്കും.

( Picture Source : BCCI )