Skip to content

മുൻപിൽ മുത്തയ്യ മുരളീധരൻ മാത്രം, തകർപ്പൻ നേട്ടത്തിൽ കുംബ്ലെയെയും വോണിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

മികച്ച പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ മുംബൈ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ കാഴ്ച്ചവെച്ചത്. ഇന്ത്യ 372 റൺസിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറച്ചിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഇതിഹാസ താരങ്ങളായ അനിൽ കുംബ്ലെയെയും ഷെയ്ൻ വോണിനെയുമാണ് ഈ നേട്ടത്തിൽ അശ്വിൻ പിന്നിലാക്കിയത്.

( Picture Source : BCCI )

പരമ്പരയിൽ 2 മത്സരങ്ങളിൽ നിന്നുമായി 14 വിക്കറ്റുകൾ നേടിയ അശ്വിൻ ഹർഭജൻ സിങിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി മാറിയിരുന്നു. കൂടാതെ മുൻ പാക് താരം വസിം അക്രം, സൗത്താഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക് എന്നിവരെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തെത്താനും അശ്വിന് സാധിച്ചിരുന്നു.

( Picture Source : BCCI )

മത്സരത്തിലെ എട്ട് വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയിൽ 300 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ പൂർത്തിയാക്കി. അനിൽ കുംബ്ലെയ്ക്ക് ശേഷം സ്വന്തം രാജ്യത്ത് 300 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് രവിചന്ദ്രൻ അശ്വിൻ ഹോമിൽ 300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആറാമത്തെ ബൗളറുമാണ് അശ്വിൻ. വെറും 49 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഹോമിൽ ഏറ്റവും വേഗത്തിൽ 300 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോർഡും അശ്വിൻ സ്വന്തമാക്കി.

( Picture Source : BCCI )

ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ, ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ ഇംഗ്ലണ്ട് പേസർമാരായ ജെയിംസ് ആൻഡേഴ്‌സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെയാണ് ഈ നേട്ടത്തിൽ അശ്വിൻ പിന്നിലാക്കിയത്. 52 മത്സരങ്ങളിൽ നിന്നുമാണ് അനിൽ കുംബ്ലെ ഈ നാഴികക്കല്ല് പിന്നിട്ടത്, ഷെയ്ൻ വോണാകട്ടെ 65 മത്സരങ്ങളിൽ നിന്നും. യഥാക്രമം 71 ഉം 76 ഉം മത്സരങ്ങളിൽ നിന്നുമാണ് ആൻഡേഴ്‌സണും ബ്രോഡും സ്വന്തം നാട്ടിൽ 300 വിക്കറ്റ് പൂർത്തിയാക്കിയത്. 48 മത്സരങ്ങളിൽ നിന്നും ഹോമിൽ 300 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ മാത്രമാണ് ഈ നേട്ടത്തിൽ അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )

ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും രവിചന്ദ്രൻ അശ്വിനാണ്. 8 മത്സരങ്ങളിൽ നിന്നും 52 വിക്കറ്റുകൾ ഈ വർഷം അശ്വിൻ നേടിയിട്ടുണ്ട്.

( Picture Source : BCCI )