Skip to content

സെഞ്ചുറി നേടി രക്ഷകനായി മായങ്ക് അഗർവാൾ, മുംബൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ന്യൂസിലാൻഡിനെതിരായ മുംബൈ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മത്സരത്തിൽ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ആദ്യ ദിനത്തിൽ ഇന്ത്യയുടെ രക്ഷകനായത്.

( Picture Source : BCCI )

മികച്ച തുടക്കമാണ് ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 80 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അതിനുശേഷം തകർപ്പൻ തിരിച്ചുവരവാണ് ന്യൂസിലാൻഡ് നടത്തിയത്. സ്കോർ 80 ൽ നിൽക്കെ 3 വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ശുഭ്മാൻ ഗിൽ 44 റൺസ് നേടി പുറത്തായപ്പോൾ ചേതേശ്വർ പുജാരയ്ക്കും വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും റണ്ണൊന്നും നേടാൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 18 റൺസ് നേടി പുറത്തായപ്പോൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.

( Picture Source : BCCI )

ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ ശ്രേയസ് അയ്യർക്കൊപ്പം നാലാം വിക്കറ്റിൽ 80 റൺസും വൃദ്ധിമാൻ സാഹയ്ക്കോപ്പം അഞ്ചാം വിക്കറ്റിൽ 81 റൺസും കൂട്ടിച്ചേർത്തു. ആദ്യ ദിനം അവസാനിക്കുമ്പോൾ 120 റൺസ് നേടിയ അഗർവാളിനൊപ്പം 25 റൺസ് നേടിയ വൃദ്ധിമാൻ സാഹയാണ് ക്രീസിലുള്ളത്.

( Picture Source : BCCI )

ന്യൂസിലാൻഡിന് വേണ്ടി അജാസ് പട്ടേലാണ് നാല് വിക്കറ്റും നേടിയത്. മത്സരത്തിൽ മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ എന്നിവരില്ലാതെയാണ് ഇറങ്ങിയിരികുന്നത്. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

( Picture Source : BCCI )