Skip to content

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് ബൗളർ അജാസ് പട്ടേൽ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തിയാണ് ചരിത്രനേട്ടം ഇന്ത്യൻ വംശജൻ കൂടിയായ അജാസ് പട്ടേൽ കുറിച്ചത്. ലോക ചരിത്രത്തിൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ് പട്ടേൽ.

( Picture Source : BCCI )

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 325 റൺസ് നേടിയാണ് പുറത്തായത്. മുതിർന്ന താരങ്ങളായ കോഹ്ലിയും പുജാരയും റണ്ണൊന്നും നേടാതെ പുറത്തായപ്പോൾ 311 പന്തിൽ 150 റൺസ് നേടിയ ഓപ്പണർ മായങ്ക് അഗർവാളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. അക്ഷർ പട്ടേൽ 12 പന്തിൽ 52 റൺസും ഗിൽ 44 റൺസും നേടി പുറത്തായി.

47.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റുകൾ അജാസ് പട്ടേൽ വീഴ്ത്തിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന ചരിത്രനേട്ടം അജാസ് പട്ടേൽ സ്വന്തമാക്കി.

( Picture Source : BCCI )

മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയും മുൻ ഇംഗ്ലീഷ് ബൗളർ ജിം ലേക്കറുമാണ് ഇതിനുമുൻപ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ 10 വിക്കറ്റും നേടിയിട്ടുള്ളത്. 1956 ൽ ഓസ്ട്രേലിയക്കെതിരയാണ് ജിം ലേക്കർ ഈ റെക്കോർഡ് സ്വന്തമാക്കിയത്. 1999 ൽ പാകിസ്ഥാനെതിരെയാണ് അനിൽ കുംബ്ലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തിയത്.

( Picture Source : BCCI )

ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ന്യൂസിലാൻഡ് ബൗളറെന്ന റെക്കോർഡും അജാസ് പട്ടേൽ സ്വന്തമാക്കി. 1985 ൽ ഓസ്‌ട്രേലിയക്കെതിരെ 52 റൺസ് വഴങ്ങി 9 വിക്കറ്റുകൾ വീഴ്ത്തിയ റിച്ചാർഡ് ഹാഡ്ലീയുടെ റെക്കോർഡാണ് അജാസ് പട്ടേൽ തകർത്തത്. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഇന്ത്യയ്ക്കെതിരായ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്.

( Picture Source : BCCI )