Skip to content

മതിയായ തെളിവുകളില്ല, അമ്പയറുടെ തീരുമാനം ശരിവെച്ച് തേർഡ് അമ്പയർ, കോഹ്ലി പൂജ്യത്തിന് പുറത്ത്, വീഡിയോ കാണാം

വിശ്രമത്തിന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ന്യൂസിലാൻഡിനെതരെ മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ സ്പിന്നർ അജാസ് പട്ടേലാണ് കോഹ്ലിയെ പുറത്താക്കിയത്. വിവാദങ്ങൾക്ക് വഴിതെളിച്ചേക്കാവുന്ന തീരുമാനമാണ് തേർഡ് അമ്പയറിൽ നിന്നുണ്ടായത്. പുറത്തായതിന് ശേഷം ക്ഷുഭിതനായാണ് വിരാട് കോഹ്ലി പ്രതികരിച്ചത്.

( Picture Source ; BCCI )

30 ഓവറിലെ രണ്ടാം പന്തിൽ ചേതേശ്വർ പുജാരയെ നഷ്ടപ്പെട്ട ശേഷമാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്. ആദ്യ മൂന്ന് നേരിട്ട ശേഷം ഓവറിലെ അവസാന പന്തിൽ കോഹ്ലി ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കുകയും പന്ത്‌ പാഡിൽ തട്ടുകയും ചെയ്തു. ന്യൂസിലാൻഡ് താരങ്ങൾ അപ്പീൽ ചെയ്തതോടെ ഓൺഫീൽഡ് അമ്പയർ അനിൽ ചൗധരി ഔട്ട് വിധിക്കുകയും ആത്മവിശ്വാസതോടെ കോഹ്ലി ഉടൻ തന്നെ റിവ്യൂ നൽകുകയും ചെയ്തു. തേർഡ് അമ്പയറുടെ പരിശോധനയിൽ ആദ്യ നോട്ടത്തിൽ പന്ത്‌ ആദ്യം ബാറ്റ് തട്ടിയതായി തോന്നിയെങ്കിലും പിന്നീടുന്ന റീപ്ലേകളിൽ പന്ത്‌ ബാറ്റിലും പാഡിലും ഒരുമിച്ച് തട്ടിയതായി വ്യക്തമാകുകയായിരുന്നു.

( Picture Source ; BCCI )

തുടർന്ന് പന്ത്‌ ആദ്യം ബാറ്റിൽ തട്ടുന്നതായി മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ ഓൺഫീൽഡ് അമ്പയറുടെ തീരുമാനം തേർഡ് അമ്പയർ ശരിവെയ്ക്കുകയായിരുന്നു. തേർഡ് അമ്പയറുടെ തീരുമാനത്തിൽ നിരാശനായാണ് കോഹ്ലി പ്രതികരിച്ചത്.

വീഡിയോ ;

മത്സരത്തിൽ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ എന്നിവരില്ലാതെയാണ് ഇന്ത്യയിറങ്ങിയിരിക്കുന്നത്. ജയന്ത് യാദവ്, മൊഹമ്മദ് സിറാജ് എന്നിവരെയാണ് പകരക്കാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനീക്കുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 221 റൺസ് നേടിയിട്ടുണ്ട്. കോഹ്ലിയും പുജാരയും റണ്ണൊന്നും നേടാതെ പുറത്തായെങ്കിലും സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു. 246 പന്തിൽ 126 റൺസ് നേടിയ മായങ്ക് അഗർവാളും 25 റൺസ് നേടിയ വൃദ്ധിമാൻ സാഹയുമാണ് ക്രീസിലുള്ളത്. ശുഭ്മാൻ ഗിൽ 71 പന്തിൽ 44 റൺസും ശ്രേയസ് അയ്യർ 41 പന്തിൽ 18 റൺസും നേടി പുറത്തായി. 

( Picture Source ; BCCI )