Skip to content

അവനെ ദയവായി അവഗണിക്കരുത് ,കോഹ്ലിയും ദ്രാവിഡും ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, വി വി എസ് ലക്ഷ്മൺ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും യുവതാരം ശ്രേയസ് അയ്യരെ ഒഴിവാക്കരുതെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ശ്രേയസ് അയ്യരെ അവഗണിക്കരുതെന്ന് അഭ്യർത്ഥിച്ച ലക്ഷ്മൺ രണ്ടാം ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തുന്നതോടെ ഒഴിവാക്കേണ്ട താരത്തെയും നിർദ്ദേശിച്ചു. സമനിലയിൽ കലാശിച്ച അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി പുറത്തെടുത്തത്.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ 105 റൺസ് നേടിയ ശ്രേയസ് അയ്യർ രണ്ടാം ഇന്നിങ്സിൽ 65 റൺസും നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന ചരിത്രനേട്ടവും അയ്യർ സ്വന്തമാക്കിയിരുന്നു. അയ്യർ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ വീണ്ടും മോശം പ്രകടനമാണ് സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും കാഴ്ച്ചവെച്ചത്. എന്നാൽ ഇരുവർക്കും രണ്ടാം ടെസ്റ്റിൽ അവസരം നൽകണമെന്ന് നിർദ്ദേശിച്ച ലക്ഷ്മൺ മറ്റൊരു താരത്തെയാണ് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്.

” ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഇന്നിങ്സിലും ബാറ്റ് ചെയ്യുവാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ അവൻ അതിന് ശേഷം ഒരു മികച്ച ഫിഫ്റ്റിയും നേടി. രണ്ട് ഇന്നിങ്സിലും ടീം സമ്മർദ്ദത്തിലായ സമയത്താണ് അവൻ ക്രീസിലെത്തിയതെന്ന് ഓർക്കണം. അതുകൊണ്ട് തന്നെ വളരെ മികച്ച പ്രകടനമാണ് ശ്രേയസ് അയ്യരിൽ നിന്നുണ്ടായത്. ”

( Picture Source : BCCI )

” മത്സരത്തിലെ രണ്ട് ഇന്നിങ്സിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു മായങ്ക് അഗർവാളിന്റെത്. അവൻ ക്രീസിൽ അസ്വസ്‌ഥനായിരുന്നു. ചേതേശ്വർ പുജാരയ്ക്ക് ഓപ്പൺ ചെയ്യാനുള്ള കഴിവുണ്ട്. അവൻ ഇതിനുമുൻപും ഓപ്പൺ ചെയ്തിട്ടുണ്ട്. പുജാര ഓപ്പൺ ചെയ്താൽ മൂന്നാമനായി അജിങ്ക്യ രഹാനെയ്ക്കും നാലാമനായി വിരാട് കോഹ്ലിയ്ക്കും ഇറങ്ങാൻ കഴിയും. “

( Picture Source : BCCI )

” ശ്രേയസ് അയ്യരായിരിക്കണം അഞ്ചാമൻ. എങ്ങനെയാണ് അവന്റെ പ്രകടനത്തെ അവഗണിക്കാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഇത് രാഹുൽ ദ്രാവിഡും വിരാട് കോഹ്ലിയും ചേർന്നെടുക്കേണ്ട ബുദ്ധിമുട്ടേറിയ തീരുമാനമാണ്. അവർ ശരിയായ തീരുമാനമെടുക്കുമെന്നും ശ്രേയസ് അയ്യരുടെ പ്രകടനത്തെ അവഗണിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ” ലക്ഷ്മൺ പറഞ്ഞു.

( Picture Source : BCCI )