അവനായിരുന്നു ക്യാപ്റ്റനെങ്കിൽ മത്സരഫലം മറ്റൊന്നായേനെ, ഇർഫാൻ പത്താൻ

ന്യൂസിലാൻഡിനെതിരായ കാൺപൂർ ടെസ്റ്റിൽ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റനെങ്കിൽ മത്സരം സമനിലയിൽ കലാശിക്കുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം ഇന്ത്യ കാഴ്ച്ചവെച്ചുവെങ്കിലും വിജയം നേടുവാൻ ആതിഥേയർക്ക് സാധിച്ചില്ല.

( Picture Source : BCCI )

ന്യൂസിലാൻഡിന് മുൻപിൽ 284 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. നാലാം ദിനത്തിൽ എട്ട് ഓവറുകൾ മാത്രമാണ് ന്യൂസിലാൻഡിന് ബാറ്റ് ചെയ്യേണ്ടിവന്നത്. 126 പന്തിൽ 61 റൺസ് നേടിയ വൃദ്ധിമാൻ സാഹയും 67 പന്തിൽ 28 റൺസ് നേടിയ അക്ഷർ പട്ടേലും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും കൂടുതൽ അഗ്രസീവായി ഇരുവർക്കും കളിക്കാൻ സാധിച്ചില്ല. ചായയ്ക്ക് തൊട്ടുമുൻപ് 125 പന്തിൽ 65 റൺസ് നേടിയ ശ്രേയസ് അയ്യരെ നഷ്ട്ടപെട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

( Picture Source : BCCI )

” ഈ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലിയുണ്ടായിരുന്നെങ്കിൽ ഇന്നത്തെ മത്സരഫലം മറ്റൊന്നായേനെ. ഇന്നലെ ഇന്ത്യയ്ക്ക് കൂടുതൽ അഗ്രസീവായി കളിച്ചുകൊണ്ട് നേരത്തെ ഡിക്ലയർ ചെയ്യാമായിരുന്നു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റനെങ്കിൽ ഇതെല്ലാം നടന്നേനെ. ” ഇർഫാൻ പത്താൻ പറഞ്ഞു.

( Picture Source : BCCI )

ഡിസംബർ മൂന്നിന് മുംബൈയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റോടെ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തും. വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ആരെയാകും പ്ലേയിങ് ഇകവനിൽ നിന്നും ഒഴിവാക്കുകയെന്ന ചോദ്യവും ഇന്ത്യയ്ക്ക് മുൻപിലുണ്ട്. കോഹ്ലിയുടെ അഭാവത്തിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും നേടിയ അയ്യരായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് നേടിയത്.

( Picture Source : BCCI )

മറുഭാഗത്ത് മോശം പ്രകടനമാണ് സീനിയർ താരങ്ങളായ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. രഹാനെ ആദ്യ ഇന്നിങ്സിൽ 35 റൺസും രണ്ടാം ഇന്നിങ്സിൽ നാല് റൺസും നേടി പുറത്തായപ്പോൾ ചേതേശ്വർ പുജാരയ്ക്ക് ആദ്യ ഇന്നിങ്സിൽ 26 റൺസും രണ്ടാം ഇന്നിങ്സിൽ 26 റൺസും മാത്രമാണ് നേടാൻ സാധിച്ചത്.

( Picture Source : BCCI )