Skip to content

ഇത് അസാമാന്യ നേട്ടം, രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് രാഹുൽ ദ്രാവിഡ്

ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മത്സരത്തിലെ അഞ്ചാം ദിനത്തിൽ ന്യൂസിലാൻഡ് ഓപ്പണർ ടോം ലാതത്തെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി രവിചന്ദ്രൻ അശ്വിൻ മാറിയിരുന്നു.

( Picture Source : BCCI )

817 വിക്കറ്റ് നേടിയ ഹർഭജൻ സിങിനെ പിന്നിലാക്കിയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടം രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കിയത്. മത്സരത്തിലെ പ്രകടനമടക്കം 80 മത്സരങ്ങളിൽ നിന്നും 419 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. 132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയും 131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റ് നേടിയ കപിൽ ദേവും മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ ഇനി അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )

” ഇത് അസാമാന്യ നേട്ടമാണ്. ഹർഭജൻ സിങ് ഒരു മികച്ച ബൗളറായിരുന്നു, അവനൊപ്പം ഞാൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കേവലം 80 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും അവനെ അശ്വിൻ മറികടന്നത് അസാമാന്യ നേട്ടമാണ്. ”

” അശ്വിൻ ഇന്ത്യയുടെ മാച്ച് വിന്നറാണ്. ഈ മത്സരത്തിൽ പോലും മൂന്നാം ദിനത്തിൽ 11 ഓവർ നീണ്ട സ്പെല്ലിലൂടെ മത്സരത്തിൽ ഇന്ത്യയെ തിരിച്ചെത്തിച്ചത് അസാധാരണ പ്രകടനമാണ്. ഇന്ന് ഇത്തരത്തിലൊരു വിക്കറ്റിൽ എതിർടീമിനെ മുൾമുനയിൽ നിർത്തിയത് അവന്റെ കഴിവിന്റെ ഉദാഹരണമാണ്. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

( Picture Source : BCCI )

” ക്രമാനുഗതമായി അവന്റെ പ്രകടനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവൻ മത്സരത്തെ കുറിച്ച് ചിന്തിക്കുന്ന കളിക്കാരിലൊരാളാണ്. അതുകൊണ്ടാണ് ഈ നിലയിൽ അവനെത്തിയത്. അവനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്, അവന്റെ മികച്ച പ്രകടനത്തിലും. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

( Picture Source : BCCI )