Skip to content

ആഷസിൽ അവന്റെ ശൈലിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ

ഡിസംബറിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ ബാറ്റ് ചെയ്ത അതേ ശൈലിയിൽ കളിക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ആ പര്യടനത്തിലെ പന്തിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചുവെന്നും ജോസ് ബട്ട്ലർ പറഞ്ഞു.

( Picture Source : ICC T20 WORLD CUP )

ഇന്ത്യ 2-1 ന് വിജയിച്ച കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ റിഷഭ് പന്തായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഗാബയിൽ നടന്ന അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന റിഷഭ് പന്തായിരുന്നു ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഇന്ത്യ സമനില പിടിച്ച സിഡ്‌നി ടെസ്റ്റിൽ 118 പന്തിൽ 97 റൺസും പന്ത്‌ നേടിയിരുന്നു. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 68.50 ശരാശരിയിൽ 274 റൺസ് പന്ത്‌ നേടി.

( Picture Source : Twitter )

” ഇന്ത്യ വിജയിച്ച കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഞാൻ ഏറ്റവുമധികം ആസ്വദിച്ചത് റിഷഭ് പന്തിന്റെ പ്രകടനമായിരുന്നു. പ്രതിരോധത്തിനും ആക്രമണോത്സതയ്ക്കും ഇടയിൽ തന്റെ കളിയുടെ ശൈലി മാറ്റാനുള്ള അവന്റെ കഴിവ് ഞാൻ ഏറെ ഇഷ്ടപെടുന്നു. ഒപ്പം അവന്റെ നിർഭയമായ ശൈലിയും. ടി20 ലോകകപ്പിൽ ഞാൻ കാണിച്ച അതേ നിർഭയ മനോഭാവം റെഡ് ബോൾ ബാറ്റിങിലും ആവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ”

( Picture Source : Twitter / BCCI )

” എന്നാൽ ഓൾ ഔട്ട് അറ്റാക്ക് ചെയ്യുകയെന്നതല്ല അതുകൊണ്ട് അർത്ഥമാക്കുന്നത്. കുറെയേറെ കാര്യങ്ങളെ കുറിച്ചുള്ള അനാവശ്യ ആശങ്കകൾ അകറ്റാനും കളി വളരെ ലളിതമാക്കാനും അത്തരം മനോഭാവത്തിന് സാധിക്കും. ” ജോസ് ബട്ട്ലർ പറഞ്ഞു.

( Picture Source : Twitter )

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. 6 മത്സരങ്ങളിൽ നിന്നും 89.67 ശരാശരിയിൽ 150 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 269 റൺസ് ജോസ് ബട്ട്ലർ നേടിയിരുന്നു. ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ആഷസിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബട്ട്ലർക്ക് സാധിച്ചിരുന്നില്ല. 10 ഇന്നിങ്‌സിൽ നിന്നും 24.70 ശരാശരിയിൽ 247 റൺസ് മാത്രമാണ് ബട്ട്ലർ നേടിയത്. ഇക്കുറി ആഷസ് തിരിച്ചുപിടിക്കാൻ മധ്യനിരയിലെ ബട്ട്ലറുടെ ഫോം ഇംഗ്ലണ്ടിന് നിർണായകമാണ്.

( Picture Source : Twitter )