Skip to content

അവനെ ടീമിൽ നിന്നും ഒഴിവാക്കിയത് മോശം ഫോമിനെ തുടർന്നല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രാഡ് ഹാഡിൻ

സൺറൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ താരവും സൺറൈസേഴ്‌സിന്റെ അസിസ്റ്റന്റ് പരിശീലകനുമായ ബ്രാഡ് ഹാഡിൻ. സീസണിന്റെ ആദ്യ നാല് മത്സരങ്ങൾക്ക് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വാർണറെ മാറ്റിയ സൺറൈസേഴ്‌സ് വൈകാതെ പ്ലേയിങ് ഇലവനിൽ നിന്നും വാർണറെ ഒഴിവാക്കിയിരുന്നു. അവസാന മത്സരങ്ങളിൽ ടീമിനൊപ്പം സ്റ്റേഡിയത്തിൽ പ്രവേശിക്കാനും വാർണറെ അനുവദിച്ചിരുന്നില്ല.

( Picture Source : IPL )

ഐ പി എല്ലിലെ മോശം സമയത്തിന് ശേഷം ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തുകൊണ്ടാണ് വാർണർ താൻ നേരിട്ട വിമർശനങ്ങൾക്കും അപമാനങ്ങൾക്കും മറുപടി നൽകിയത്. ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് വേണ്ടി ടൂർണമെന്റിൽ മൂന്ന് ഫിഫ്റ്റിയടക്കം 48.17 ശരാശരിയിൽ 145 ന് മുകളിൽ സ്‌ട്രൈക്ക് rettil 289 റൺസ് അടിച്ചുകൂട്ടിയ വാർണർ പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടുകയും ചെയ്തു.

( Picture Source : ICC T20 WORLD CUP )

” സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്നും വാർണറെ ഒഴിവാക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ടുകൊണ്ടല്ലയെന്ന് ഞാൻ പറയുന്നു. അവനൊരിക്കലും മോശം ഫോമിലായിരുന്നില്ല. എന്നാൽ അവന് മാച്ച് പ്രാക്ടീസ്‌ ഉണ്ടായിരുന്നില്ല. വലിയ ഇടവേള അവനുണ്ടായിരുന്നു, ബംഗ്ലാദേശ് പര്യടനത്തിലൊ വെസ്റ്റിൻഡീസ് പര്യടനത്തിലോ അവൻ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവന് നല്ല അന്തരീക്ഷം ലഭിച്ചിരിക്കുന്നു. അവൻ നന്നായി ബാറ്റ് ചെയ്യുന്നു. അന്ന് സാഹചര്യങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല, കോച്ചിങ് സ്റ്റാഫിന് പോലും നിയന്ത്രണമുണ്ടായിരുന്നില്ല. ”

( Picture Source : ICC T20 WORLD CUP  )

” അവനൊരിക്കലും മോശം ഫോമിലായിരുന്നില്ല. അൽപ്പം മാച്ച് ടൈം മാത്രമായിരുന്നു അവന് വേണ്ടിയിരുന്നത്. തന്റെ താളം കണ്ടെത്താൻ കുറച്ചുസമയം അവന് വേണ്ടിയിരുന്നു. ടി20 ലോകകപ്പ് ടൂർണമെന്റ് മുന്നോട്ട് പോയപ്പോൾ അവന്റെ ക്ലാസ് നമ്മൾ കണ്ടതാണ്. തന്റെ താളം കണ്ടെത്താൻ അവന് സാധിച്ചു. അവന്റെ പ്രകടനം ആസ്വാദ്യകരമായിരുന്നു. ” ബ്രാഡ് ഹാഡിൻ പറഞ്ഞു.

( Picture Source : ICC T20 WORLD CUP  )

അടുത്ത ഐ പി എൽ സീസണിൽ രണ്ട് ടീമുകൾ പുതുതായി എത്തുന്നതിനാൽ ക്യാപ്റ്റനായി തന്നെ ഡേവിഡ് വാർണർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൺറൈസേഴ്‌സ് തന്നെ നിലനിർത്താൻ സാധ്യത കാണുന്നില്ലയെന്നും പുതിയ ടീമിൽ കളിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നേരത്തെ ഡേവിഡ് വാർണർ വ്യക്തമാക്കിയിരുന്നു.

( Picture Source : ICC T20 WORLD CUP  )