Skip to content

അവന്റെ ചുമതലകളിൽ യാതൊരു മാറ്റവുമുണ്ടാകില്ല, ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ ടി20 ടീമിലെ വിരാട് കോഹ്ലിയുടെ ചുമതല എന്താകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇന്ത്യൻ ടി20 ടീമിലെ നിർണായക താരം തന്നെയാണ് വിരാട് കോഹ്ലിയെന്നും ഇടവേളയ്ക്ക് ശേഷം കോഹ്ലി തിരിച്ചെത്തുന്നതോടെ ടീം കൂടുതൽ ശക്തരാകുമെന്നും ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / BCCI )

ഇന്ത്യൻ ടി20 ടീമിന്റെ പുതിയ കാലഘട്ടമാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയോടെ ആരംഭിക്കുന്നത്. 2022 ൽ നടക്കുന്ന ടി20 ലോകകപ്പ് തന്നെയാകും രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമ്മയുടെയും ആദ്യ ലക്ഷ്യം. ഓസ്‌ട്രേലിയ ചാമ്പ്യന്മാരായ 2021 ടി20 ലോകകപ്പിൽ നോകൗട്ടിൽ പ്രവേശിക്കാൻ സാധിക്കാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായിരുന്നു.

” വിരാട് കോഹ്ലിയുടെ റോളിൽ യാതൊരു മാറ്റവുമുണ്ടാകില്ല.കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഇന്ത്യൻ ടീമിന് വേണ്ടി ചെയ്യുന്നതെന്താണോ അതുതന്നെ അവൻ തുടരും. ”

( Picture Source : Twitter / BCCI )

” ഇന്ത്യൻ ടീമിലെ വളരെ പ്രധാനപ്പെട്ട പ്ലേയറാണവൻ. എപ്പോഴെല്ലാം കളിക്കുന്നുവോ അപ്പോഴെല്ലാം വിജയത്തിൽ സ്വാധീനിക്കാനും മത്സരത്തിൽ തന്റെ മുദ്ര പതിപ്പിക്കാനും അവന് സാധിക്കും. ടീമിലെ എല്ലാവർക്കും വ്യത്യസ്ത റോളുകളാണുള്ളത്. അത് ആദ്യം ബാറ്റ് ചെയ്യുമന്നതിനും ചേസ് ചെയ്യുന്നതിനും അനുസരിച്ച് മാറുകയും ചെയ്യും. എല്ലാവരും അതിന് തയ്യാറാണ്, വിരാട് തിരിച്ചെത്തുന്നതോടെ ടീം കൂടുതൽ കരുത്തരാകുമെന്ന് എനിക്കുറപ്പുണ്ട്. അവന്റെ എക്സ്പീരിയൻസും കഴിവുകളും ടീമിന്റെ കരുത്ത് വർധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളു. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / BCCI )

വിരാട് കോഹ്ലിയ്ക്കൊപ്പം സീനിയർ താരങ്ങളായ ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷാമി എന്നിവർക്കും ഇന്ത്യ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ടി20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ കോഹ്ലി തിരിച്ചെത്തുമ്പോൾ സൗത്താഫ്രിക്കൻ പര്യടനത്തോടെ മാത്രമാകും ബുംറയും ഷാമിയും ടീമിൽ തിരിച്ചെത്തുന്നത്. കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.

( Picture Source : ICC T20 WORLD CUP )

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ്മ (c), കെ എൽ രാഹുൽ (vc), ഋതുരാജ് ഗയ്ഗ്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്‌ (wk), ഇഷാൻ കിഷൻ (wk), വെങ്കടേഷ് അയ്യർ, യുസ്വേന്ദ്ര ചഹാൽ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ഹർഷൽ പട്ടേൽ, മൊഹമ്മദ് സിറാജ്.

( Picture Source : ICC T20 WORLD CUP )