Skip to content

ഐസിസി ട്രോഫി നേടിതരാൻ കഴിവുള്ള ക്യാപ്റ്റനെയാണ് വേണ്ടത്, അത് അവനാണ്, പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഐസിസി ടി20 ലോകകപ്പോടെ വിരാട് കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പുതിയ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയെ തന്നെ ക്യാപ്റ്റനായി നിയമിക്കണമെന്നും യുവതാരങ്ങളായ കെ എൽ രാഹുലിനെയോ റിഷഭ് പന്തിനെയോ ഇപ്പോൾ ക്യാപ്റ്റനാക്കേണ്ടതില്ലെന്നും നിർദ്ദേശിച്ച സുനിൽ ഗാവസ്‌കർ അതിനുപിന്നിലെ കാരണവും വിശദീകരിച്ചു.

ക്യാപ്റ്റനായി ഐ പി എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച റെക്കോർഡാണ് രോഹിത് ശർമ്മയ്ക്കുള്ളത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ 5 തവണ കിരീടനേട്ടത്തിലെത്തിച്ച രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 19 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുകയും 15 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

” അടുത്ത ലോകകപ്പ് രണ്ടോ മൂന്നോ വർഷത്തിന് ശേഷമാണെങ്കിൽ മാത്രമേ ഭാവിയെ ചിന്തിച്ചുകൊണ്ട് ക്യാപ്റ്റനെ തീരുമാനിക്കേണ്ടതുള്ളൂ. എന്നാൽ അടുത്ത ലോകകപ്പിന് ഇനി 12 മാസങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഭാവിപദ്ധതികൾ അവിടെ അപ്രസക്തമാണ്. ”

” ഇപ്പോൾ ഇന്ത്യയ്ക്ക് ഐസിസി ട്രോഫി നേടികൊടുക്കാൻ സാധിക്കുന്ന ഒരു ക്യാപ്റ്റനെയാണ് നമുക്കാവശ്യം, അത് രോഹിത് ശർമ്മയാണ്. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

” ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായുള്ള റെക്കോർഡുകൾ കൂടെ നോക്കിയാൽ അവൻ തന്നെയാണ് ക്യാപ്റ്റനാവാൻ അർഹൻ, ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ശേഷം മറ്റൊരു ടി20 ക്യാപ്റ്റനെ നമുക്ക് തേടാവുന്നതാണ്. എന്നാൽ ഇപ്പോൾ അതിനർഹൻ രോഹിത് ശർമ്മ മാത്രമാണ്. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

2013 ലാണ് അവസാനമായി ഇന്ത്യ ഐസിസി ട്രോഫി നേടിയത്. തുടർന്ന് നടന്ന എല്ലാ ടൂർണമെന്റുകളിലും നോകൗട്ടിൽ പ്രവേശിച്ച ഇന്ത്യ ഈ ലോകകപ്പിൽ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. 2022 ൽ ഓസ്‌ട്രേലിയയിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. തുടർന്ന് 2023 ൽ ഇന്ത്യയിൽ വെച്ചാണ് ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. രാഹുൽ ദ്രാവിഡ് പുതിയ ഇന്ത്യൻ കോച്ചാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യ അധികം വൈകാതെ ഐസിസി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

( Picture Source : ICC T20 WORLD CUP )