Skip to content

ആ ജോലി ഏറ്റെടുക്കാൻ അവൻ തയ്യാറാണ്, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി

ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനാകുന്നതിൽ രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി. നമീബിയക്കെതിരായ മത്സരത്തോടെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി വിടവാങ്ങിയതോടെയാണ് ഇന്ത്യ പുതിയ ടി20 ക്യാപ്റ്റനെ നിയമിക്കാനൊരുങ്ങുന്നത്. ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ യാത്ര അവസാനിച്ചതോടെ ഇന്ത്യൻ ഹെഡ് കോച്ചായുള്ള രവി ശാസ്ത്രിയുടെ കാലാവധിയും അവസാനിച്ചിരുന്നു. മുൻ ഇന്ത്യൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായിരുന്ന രാഹുൽ ദ്രാവിഡാണ് ഇനി ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച്.

ഇന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ സ്പ്ലിറ്റ് ക്യാപ്റ്റൻസി നല്ലൊരു ആശയമാണെന്നും കുടുംബത്തിൽ നിന്നും ഏറെനാൾ വിട്ടുനിൽക്കുന്നത് ഒരു കളിക്കാരനും എളുപ്പമാവില്ലയെന്നും രവി ശാസ്ത്രി പറഞ്ഞു.

” ബയോ ബബിൾ കണക്കിലെടുത്താൻ സ്പ്ലിറ്റ് ക്യാപ്റ്റൻസി മോശം കാര്യമല്ലയെന്നാണ് എനിക്ക് തോന്നുന്നത്. കളിക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പവും രക്ഷിതാക്കൾക്കൊപ്പവും സമയം ചിലവഴിക്കേണ്ടതുണ്ട്. ആറ് മാസം ഒരു കളിക്കാരൻ വീട്ടിൽ പോകാതിരുന്നാൽ അവന്റെ കുടുംബം കൂടെയുണ്ടെങ്കിൽ പോലും മാതാപിതാക്കളെയും മറ്റു കുടുംബാംഗങ്ങളെയും കാണാൻ അവസരം ലഭിക്കില്ല. അതൊരിക്കലും അത്ര എളുപ്പമല്ല. ”

” രോഹിത് ശർമ്മയിൽ വളരെ കഴിവുള്ള ഒരാളെ തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട. അവൻ ഒരുപാട് ഐ പി എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്. അവൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. ആ ജോലി ഏറ്റെടുക്കാൻ അവൻ തയ്യാറാണ്. ” രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യയെ 50 ടി20 മത്സരങ്ങളിൽ നയിച്ചിട്ടുള്ള വിരാട് കോഹ്ലി 32 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. മറുഭാഗത്ത് കോഹ്ലിയുടെ അഭാവത്തിൽ 19 ടി20 മത്സരങ്ങളിൽ രോഹിത് ശർമ്മ നായിച്ചിട്ടുണ്ട്. ഹിറ്റ്മാന്റെ ക്യാപ്റ്റസിയിൽ 15 മത്സരങ്ങളിൽ ടീം വിജയിച്ചപ്പോൾ നാല് മത്സരങ്ങളിൽ മാത്രമാണ് ടീം പരാജയപെട്ടത്.

ഐ പി എല്ലിൽ 5 തവണ മുംബൈ ഇന്ത്യൻസിനെ കിരീടനേട്ടത്തിലെത്തിക്കാനും രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. 129 മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ നയിച്ചിട്ടുള്ള രോഹിത് ശർമ്മ 75 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചു. 50 മത്സരങ്ങളിൽ മാത്രമാണ് ടീം പരാജയമറിഞ്ഞത്.