Skip to content

വിരാട് കോഹ്ലിയുടെയും ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്മാൻ

ഐസിസി ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നേടിയ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയുടെയും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് രോഹിത് ശർമ്മ. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിറംമങ്ങിയ രോഹിത് ശർമ്മ പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

( Picture Source : ICC T20 WORLD CUP )

മത്സരത്തിൽ 37 പന്തിൽ നിന്നും 7 ഫോറും 2 സിക്സും ഉൾപ്പെടെ 56 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഇതോടെ ഐസിസി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന നേട്ടത്തിൽ വിരാട് കോഹ്ലിയെ രോഹിത് ശർമ്മ പിന്നിലാക്കി. ടി20 ലോകകപ്പിൽ 30 ഇന്നിങ്സിൽ നിന്നും 38.50 ശരാശരിയിൽ 847 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. മറുഭാഗത്ത് വിരാട് കോഹ്ലിയാകട്ടെ 19 ഇന്നിങ്സിൽ നിന്നും 76.81 ശരാശരിയിൽ 845 റൺസ് ടി20 ലോകകപ്പിൽ നേടിയിട്ടുണ്ട്.

( Picture Source : ICC T20 WORLD CUP )

34 ഇന്നിങ്സിൽ നിന്നും 897 റൺസ് നേടിയ തിലകരത്നെ ദിൽഷൻ, 31 ഇന്നിങ്സിൽ നിന്നും 965 റൺസ് നേടിയ ക്രിസ് ഗെയ്ൽ, 31 ഇന്നിങ്സിൽ നിന്നും 1016 റൺസ് നേടിയിട്ടുള്ള മഹേള ജയവർധനെ എന്നിവരാണ് ഈ പട്ടികയിൽ രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും മുൻപിലുള്ളത്.

( Picture Source : ICC T20 WORLD CUP )

ടി20 ലോകകപ്പിൽ ഓപ്പണറായി രോഹിത് ശർമ്മ നേടുന്ന അഞ്ചാമത്തെ ഫിഫ്റ്റിയാണിത്. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ ഓപ്പണറെന്ന നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കി. നാല് ഫിഫ്റ്റി നേടിയിട്ടുള്ള ഗൗതം ഗംഭീറിനെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

( Picture Source : ICC T20 WORLD CUP )

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി. അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്ററാണ് രോഹിത് ശർമ്മ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലുമാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് നേടിയിട്ടുള്ളത്. അന്താരാഷ്ട്ര ടി20യിൽ 108 ഇന്നിങ്സിൽ നിന്നും 32.66 ശരാശരിയിൽ 3038 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. മാർട്ടിൻ ഗപ്റ്റിൽ 103 ഇന്നിങ്സിൽ നിന്നും 3115 റൺസ് നേടിയപ്പോൾ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലി 87 ഇന്നിങ്സിൽ നിന്നും 52.04 ശരാശരിയിൽ 3227 റൺസ് നേടിയിട്ടുണ്ട്.

( Picture Source : ICC T20 WORLD CUP )