Skip to content

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പലതാരങ്ങളും പിന്മാറിയേക്കാം, സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ചില താരങ്ങൾ പിന്മാറിയേക്കാമെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. തിങ്കളാഴ്ചയാണ് ഏഴ് മത്സരങ്ങൾ അടങ്ങുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. നീണ്ട 23 വർഷങ്ങൾക്ക് ശേഷമുള്ള ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനമാണിത്. ഇതിനുമുൻപ് 1998 ലായിരുന്നു ഓസ്‌ട്രേലിയൻ ടീം പാകിസ്ഥാനിലെത്തിയത്.

( Picture Source : Twitter )

നേരത്തെ പരമ്പര ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ന്യൂസിലാൻഡ് പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വൻ നാണക്കേടുണ്ടാക്കിയിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്നാണ് ആദ്യ മത്സരത്തിന് നിമിഷങ്ങൾക്ക് മുൻപേ ന്യൂസിലാൻഡ് പിന്മാറിയത്. ഇതിനുപുറകെ ഇംഗ്ലണ്ടും തങ്ങളുടെ പാകിസ്ഥാൻ പര്യടനം മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന പര്യടനത്തിൽ പല താരങ്ങൾക്കും പൂർണസമ്മതം ഉണ്ടായേക്കില്ലയെന്ന് ടിം പെയ്ൻ വ്യക്തമാക്കിയത്.

( Picture Source : Twitter )

” ഇക്കാര്യത്തിൽ വിദഗ്ധരുടെയും മറ്റുള്ളവരുടെയും ഉപദേശം സ്വീകരിച്ച ശേഷമാകും പല താരങ്ങളും തീരുമാനമെടുക്കുക. സത്യസന്ധമായി പറയുകയാണെങ്കിൽ ഇതൊന്നും പരിഗണിക്കാതെ പാകിസ്ഥാൻ പര്യടനത്തിന് പോകാൻ താല്പര്യമില്ലാത്ത ചിലരുമുണ്ട്. ”

” മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോൾ ഇത്തരം ആശയക്കുഴപ്പങ്ങൾ സംഭവിക്കാറുണ്ട്. വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അത് ഞങ്ങൾ ചർച്ച ചെയ്യും, കളിക്കാർക്ക് ശരിയായ ഉത്തരങ്ങൾ ലഭിക്കുകയും ചെയ്യും. ഏറ്റവും മികച്ച ടീമിനെ തന്നെ അയക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ അവസാനം തീരുമാനമെടുക്കേണ്ടത് വ്യക്തികളാണ്. ” ടിം പെയ്ൻ പറഞ്ഞു.

( Picture Source : Twitter )

2017 ൽ പാകിസ്ഥാനിൽ നടന്ന എക്സിബിഷൻ പരമ്പരയിൽ ലോക ഇലവന്റെ ഭാഗമായിരുന്നു ടിം പെയ്ൻ. അന്ന് ലഭിച്ച സുരക്ഷയെ കുറിച്ചും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മനസ്സുതുറന്നു.

” ആ പര്യടനത്തിൽ ഞങ്ങൾക്കുണ്ടായ സുരക്ഷ ജീവിതത്തിൽ തന്നെ ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്ക് മുകളിൽ ഹെലികോപ്റ്ററുകൾ ഉണ്ടായിരുന്നു, ഞങ്ങൾക്ക് ചുറ്റുമുള്ള അഞ്ച് കിലോമീറ്റർ ഗതാഗതം അടച്ചിട്ടിരുന്നു. ഓരോ കിലോമീറ്ററിലും ചെക്ക്പോസ്റ്റുകൾ ഉണ്ടായിരുന്നു, അത് തീർത്തും അസാധാരണമായിരുന്നു. “

” എന്നാൽ ഇതെല്ലാം നിങ്ങൾ കാണുന്നതും ഇത്തരം മുൻകരുതൽ ഇവിടെ ആവശ്യമാണെന്നത് അൽപ്പം അലോസരപ്പെടുത്തും. സഞ്ചരിക്കുന്ന ബസിന് മുകളിൽ ഒരേസമയം രണ്ട് ഹെലികോപ്റ്ററുകൾ പറക്കുന്നത് ഒരേസമയം ആശ്വാസകരവും ഭയപ്പെടുത്തുന്നതുമാണ്. ” ടിം പെയ്ൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )