Skip to content

ആ ദിവസം ഞാനെന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിലെ നമീബിയക്കെതിരായ മത്സരത്തോടെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. അവസാന മത്സരത്തിൽ ആധികാരിക വിജയം നേടിയാണ് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനാൽ ഇനി ഗ്രൗണ്ടിലെ അഗ്രഷന് കുറവുണ്ടാകുമോയെന്ന ചോദ്യത്തിന് മത്സരശേഷം കോഹ്ലി മറുപടി പറയുകയും ചെയ്തു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. നമീബിയ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം അർധസെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും മികവിൽ 15.2 ഓവറിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ 50 ആം ടി20 മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിലെ വിജയത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന നാലാമത്തെ ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. ഇന്ത്യയെ നയിച്ച 50 ടി20 മത്സരങ്ങളിൽ 32 ലും ടീമിനെ വിജയത്തിലെത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.

( Picture Source : Twitter / ICC T20 WORLD CUP )

” എന്റെ അഗ്രഷൻ, അതൊരിക്കലും മാറാൻ പോകുന്നില്ല. അത് സംഭവിക്കുന്ന ദിവസം ഞാൻ ക്രിക്കറ്റ് അവസാനിപ്പിക്കും. ക്യാപ്റ്റനാകുന്നതിന് മുൻപേ തന്നെ ഏതെങ്കിലും തരത്തിൽ ടീമിന് സംഭാവന ചെയ്യാൻ ഞാൻ ഇഷ്ടപെട്ടിരുന്നു. “

” ടി20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുന്നത് ആദ്യം തന്നെയൊരു ആശ്വാസമാണ്. തീർച്ചയായും ഇതൊരു ബഹുമതിയാണ് എന്നാൽ കാര്യങ്ങൾ അതിന്റെതായ രീതിയിൽ കാണേണ്ടതുണ്ട്. എന്റെ ജോലിഭാരം നിയന്ത്രിക്കാനുള്ള ശരിയായ സമയമിതാണെന്ന് എനിക്ക് തോന്നി. ആറേഴ്‌ വർഷമായി കഠിനമായ ജോലിഭാരവും അതിന്റെ സമ്മർദ്ദവും എനിക്കുണ്ട്. പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങൾക്കിവിടെ സാധിച്ചിട്ടില്ല, എന്നാൽ നല്ല ക്രിക്കറ്റാണ് ടീം പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളിൽ തുടക്കത്തിൽ മികച്ച ഓവറുകൾ ഞങ്ങൾക്ക് ലഭിച്ചില്ല. ആ മത്സരങ്ങളിൽ ധൈര്യപൂർവ്വം കളിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഞങ്ങളുടെ ഗ്രൂപ്പും ദുഷ്കരമായിരുന്നു. “

( Picture Source : Twitter / ICC T20 WORLD CUP )

” രവി ശാസ്ത്രിയ്ക്കും സപ്പോർട്ട് സ്റ്റാഫിനും വലിയ നന്ദി. വർഷങ്ങളായി വലിയ ജോലിയാണ് അവർ നിർവഹിച്ചത്. കളിക്കാർക്ക് വേണ്ടി മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു. വലിയ ജോലിയാണ് അവർ പൂർത്തിയാക്കിയിരിക്കുന്നത്. ” വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )