Skip to content

ക്യാപ്റ്റനായുള്ള അവസാന മത്സരത്തിലും കോഹ്ലിയുടെ നിസ്വാർത്ഥമായ തീരുമാനം കാണാതെ പോവരുത്!! സൂര്യകുമാർ യാദവിനെ മൂന്നാമനായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോഹ്ലി

ടി20 ലോകപ്പില്‍ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് ഒമ്ബത് വിക്കറ്റ് വിജയം. നമീബിയ ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 28 പന്തുകള്‍ അവശേഷിക്കെ ആയിരുന്നു ഇന്ത്യയുടെ വിജയം. ഓപ്പണര്‍മാര്‍ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മിന്നും വിജയമൊരുക്കിയത്. രോഹിത്ശര്‍മ(56) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത്ശര്‍മ 37 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും നേടിയാണ് അര്‍ധസെഞ്ച്വറി കരസ്ഥമാക്കിയത്.

കെഎല്‍ രാഹുല്‍(54) പുറത്താവാതെ നിന്നു. 36 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്‌സും നാല് ബൗണ്ടറികളും അടിച്ചു. ബാറ്റിങ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം വന്ന സൂര്യകുമാര്‍ യാദവ്(25) പുറത്താവാതെ നിന്നു. ജയിച്ചെങ്കിലും ഇന്ത്യ സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

അതേസമയം അവസാന മത്സരത്തിൽ രോഹിത് പുറത്തായതിന് പിന്നാലെ മൂന്നാമനായി സൂര്യകുമാർ യാദവിനെ ഇറക്കിയ കോഹ്ലിയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ പ്രശംസ നേടികൊടുത്തിരുന്നു. ടി20 ക്യാപ്റ്റനായുള്ള കോഹ്‌ലിയുടെ അവസാന മത്സരത്തിൽ ബാറ്റിങ് കാണാൻ കൊതിച്ച ആരാധകർക്ക് നിരാശ പകർന്ന തീരുമാനമായിരുന്നു ഇത്.
മത്സരശേഷം പ്രെസെന്റഷനിൽ സംസാരിക്കവേ ഇതിന് പിന്നിലെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ്.

“പരിക്ക് കാരണം ഈ ലോകക്കപ്പിൽ സൂര്യകുമാർ യാദവിന് അവസരം നഷ്ട്ടമായിരുന്നു. പിച്ചിൽ കൂടുതൽ സമയം ചിലവഴിക്കാനും കിട്ടിയിരുന്നില്ല. അതിനാൽ തന്നെ ഈ ബാറ്റിങ് അവസരം ലോകക്കപ്പിൽ നിന്ന് മടങ്ങുമ്പോൾ നല്ലൊരു ഓർമയ്ക്ക് വേണ്ടി സഹായകരമാവുമെന്ന് കരുതി. ഒരു യുവതാരമെന്ന നിലയിൽ ഒരു ലോകകപ്പിൽ നിന്ന് മടങ്ങുമ്പോൾ ചില നല്ല ഓർമ്മകളുമായി പോവാൻ ആഗ്രഹിക്കും.” കോഹ്ലി പറഞ്ഞു.

അതേ ക്യാപ്റ്റൻ അല്ലാതിരിക്കുമ്പോഴും ഇനി അഗ്രസിവ് കോഹ്ലിയെ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു…”അത് ഒരിക്കലും മാറാൻ പോകുന്നില്ല. അതിന് മാറ്റം വരുന്ന ദിവസം ഞാൻ വിരമിക്കുന്ന.  മുമ്പ് ഞാൻ ക്യാപ്റ്റനല്ലാതിരുന്നപ്പോഴും കളി എവിടേക്കാണ് പോകുന്നതെന്ന് കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒന്നും ചെയ്യാതെ വെറുതെ ഗ്രൗണ്ടിൽ നിൽക്കാൻ പോകുന്നില്ല.” കോഹ്ലി പറഞ്ഞു.