Skip to content

ഇതുകൊണ്ടാണ് ഈ വേദിയിൽ ടോസ് നിർണായകമാകുന്നത്, ഇന്ത്യയുടെ വമ്പൻ വിജയശേഷം പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

അക്ഷരാർത്ഥത്തിൽ ഏകപക്ഷീയമായ വിജയമായിരുന്നു സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ നേടിയത്. സെമിഫൈനൽ സാധ്യതകൾ നിലനിർത്താൻ വമ്പൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 86 റൺസിന്റെ വിജയലക്ഷ്യം വെറും 6.3 ഓവറിൽ മറികടന്നുകൊണ്ടാണ് ഇന്ത്യ വമ്പൻ വിജയം നേടിയത്. ഇത്തരം പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിക്കുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഈ വേദിയിൽ ടോസ് എത്രത്തോളം നിർണായകമാണെന്ന് വിളിച്ചോതുന്ന മത്സരമായിരുന്നു ഇതെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മത്സരശേഷം പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയ ജഡേജയുടെയും മൊഹമ്മദ് ഷാമിയുടെയും മികവിൽ സ്കോട്ലൻഡിന്റെ 85 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 86 റൺസിന്റെ വിജയലക്ഷ്യം 19 പന്തിൽ 50 റൺസ് നേടിയ കെ എൽ രാഹുലിന്റെയും 16 പന്തിൽ 30 റൺസ് നേടിയ രോഹിത് ശർമ്മയുടെയും മികവിൽ 6.3 ഓവറിൽ മറികടന്നു. 81 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. വിജയത്തോടെ അഫ്‌ഗാനിസ്ഥാന്റെയും ന്യൂസിലാൻഡിന്റെയും നെറ്റ് റൺറേറ്റ് മറികടന്ന ഇന്ത്യ പോയിന്റ് ടേബിളിൽ അഫ്‌ഗാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : Twitter / ICC T20 WORLD CUP )

” ആധിപത്യം പുലർത്തുന്ന പ്രകടനമായിരുന്നു ഞങ്ങളുടേത്, ഈ പ്രകടനം വീണ്ടും ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇനി നവംബർ ഏഴിന് നടക്കാൻ പോകുന്നത് രസകരമായ മത്സരമായിരിക്കും. (അഫ്‌ഗാൻ v ന്യൂസിലാൻഡ് ). ഇന്നത്തെ പ്രകടനത്തെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല ഇത്തരം പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. “

( Picture Source : Twitter / ICC T20 WORLD CUP )

” ഈ വേദിയിൽ ടോസ് എത്രത്തോളം നിർണായകമാണെന്ന് ഈ മത്സരം കാണിച്ചുതന്നു. അവരെ 110-120 റൺസിൽ ഒതുക്കാനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തോടെയാണ് ഞങ്ങൾ കളിക്കാനിറങ്ങിയത്. ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു, ഒപ്പം കെ എൽ രാഹുലും രോഹിത് ശർമ്മയും. തുടക്കത്തിൽ 8-10 ഓവറിനുള്ളിൽ മത്സരം തീർക്കുന്നതിനെ പറ്റിയാണ് ഞങ്ങൾ ചിന്തിച്ചത്. കൂടുതൽ വേഗത്തിൽ റൺസ് നേടാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല, കാരണം വിക്കറ്റുകൾ നഷ്ടപെട്ടാൽ വിജയിക്കാൻ പിന്നീട് 20 പന്തുകൾ അധികമായി വന്നേക്കാം. “

( Picture Source : Twitter / ICC T20 WORLD CUP )

” സ്വാഭാവികമായി കളിച്ചാൽ വേഗത്തിൽ തന്നെ റൺസ് വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് അബദ്ധങ്ങൾ സംഭവിച്ചു. ആ മത്സരങ്ങളിൽ തുടർച്ചയായി രണ്ട് മികച്ച ഓവറുകൾ ഞങ്ങൾക്ക് ലഭിച്ചില്ല. എതിർടീമുകൾ നന്നായി പന്തെറിയുകയും സമ്മർദ്ദം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ” വിരാട് കോഹ്ലി പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )